Header Ads

  • Breaking News

    കണ്ണൂരില്‍ വിമാനസര്‍വീസിന്റെ എണ്ണം കൂട്ടുന്നത് ട്രാഫിക് ഡിമാന്റ് കണക്കിലെടുത്തെന്ന് വ്യോമയാന മന്ത്രാലയം




    കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ട്രാഫിക് ഡിമാന്റും വാണിജ്യ സാധ്യതയും കണക്കിലെടുത്ത് മാത്രമെ സാധ്യമാകൂയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ ലോക്‌സഭയിലെ ചോദ്യത്തിനാണ് വ്യോമയാന മന്ത്രാലയം മറുപടി നല്‍കിയത്. എയര്‍ കോര്‍പ്പറേഷന്‍ നിയമം റദ്ദാക്കിയതിന്റെ ഫലമായിവരുമാനം കണക്കിലെടുത്ത്  വാണിജ്യ ഫൈളറ്റ് ഓപ്പറേഷന്‍ നെറ്റുവര്‍ക്ക് തിരഞ്ഞെടുക്കുന്നതിന് എയര്‍ലൈനുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തവ ഒഴിച്ച് ഉയര്‍ന്ന നിരക്ക് ഈടാക്കാനും കമ്പനികള്‍ക്ക് അധികാരമുണ്ട്. സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലാത്തതിനാല്‍ ഇതിന്റെ ഫലമായി തീവെട്ടിക്കൊള്ളയാണ് ടിക്കറ്റ് നിരക്കിന്റെ പേരില്‍ വിമാനകമ്പനികള്‍ നടത്തുന്നത്. ഉഭയകക്ഷി ഉടമ്പടി പ്രകാരം മുന്‍കാലങ്ങളില്‍ വിദേശത്തേക്ക് ഒന്നിലധികം കോള്‍ പോയിന്റുകള്‍ അനുവദിച്ചിരുന്നു. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും വിദേശ വിമാന കമ്പനികള്‍ക്കും പോയിന്റ് ഓഫ് കാള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് മെട്രൊയല്ലാത്ത വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കാള്‍ പദവി നല്‍കണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി കണ്ണൂര്‍ വിമാനത്താളത്തില്‍ വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള സാധ്യത നീളുമെന്ന് ഉറപ്പായി. ഉഡാന്‍ പദ്ധതി പ്രകാരമുള്ള ലേലത്തില്‍ ഭാവിയില്‍ ഏതെങ്കിലും വിമാനകമ്പനികൾ താല്‍പ്പര്യം കാട്ടിയാല്‍ കണ്ണൂരിനെ പരിഗണിക്കുമെന്നാണ് ഇപ്പോള്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.കണ്ണൂര്‍ വിമാനത്താവളം 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്. ആഴ്ചയില്‍ 65 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്.കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വേണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാല്‍ ഇതിന് അനുകൂല സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിദേശ വിമാനകമ്പനികള്‍ക്ക്  പ്രവര്‍ത്തിക്കാനായി പോയിന്റ് ഓഫ് കാള്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂര്‍ എംപി കൂടിയായ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം വ്യോമയാന മന്ത്രിയെ കണ്ടിരുന്നു. ഈ ആവശ്യം പരിഗണിക്കാമെന്ന്  മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad