Header Ads

  • Breaking News

    രാത്രി നിയന്ത്രണം: വിദ്യാർഥിനികളുടെ ആവശ്യം സർക്കാറിനെ അറിയിക്കുമെന്ന് മെഡിക്കൽ കോളജ്; ഹൈകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർഥിനികള്‍



    കോഴിക്കോട്: മെഡിക്കൽ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം നീക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യം സർക്കാരിന് മുന്നിലെത്തിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍. വിദ്യാർഥിനികളുടെ ആവശ്യം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാന്‍ പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേർന്ന സമിതിയെ നിയോഗിച്ചു. രാത്രി നിയന്ത്രണം സർക്കാർ ഒഴിവാക്കിയാല്‍ അത് നടപ്പാക്കുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

    ”രാത്രി 9.30 മണിയോടെ ഹോസ്റ്റല്‍ പൂട്ടണമെന്നത് ആരോഗ്യവകുപ്പിന്റെ ഉത്തരവാണ്. ഇത് മറികടക്കാന്‍ കോഴിക്കോട് മെഡിക്കല്‍‌ കോളജിനാവില്ല. വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ച് രാത്രി നിയന്ത്രണം വേണമെന്നാണ് തങ്ങളുടെ നിലപാട്. എന്നാലും വിദ്യാർഥികള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തില്‍ അത് ഞങ്ങള്‍ സർക്കാരിനെ അറിയിക്കും”. ഇതാണ് രാത്രി നിയന്ത്രണം സംബന്ധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ നിലപാട്

    പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിദ്യാർഥിനികളുടെ ആവശ്യം പരിഗണിച്ച് റിപ്പോർട്ട് തയറാക്കാന്‍ സമിതി രൂപീകരിച്ചത്. രാത്രി നിയന്ത്രണം തുടരണമെന്നാണ് പി.ടി.എ എക്സിക്യൂട്ടീവിലുയർന്ന അഭിപ്രായമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ രാത്രി 9.30 ഓടെ പൂട്ടുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാർഥിനികള്‍ പ്രതിഷേധിച്ചത്. അതേസമയം രാത്രി നിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപ്പിക്കാന്‍ വിദ്യാർഥിനികള്‍ തീരുമാനിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad