Header Ads

  • Breaking News

    പണത്തിനു വഴികൾ പലത്; ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ

    പിലാത്തറ : ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂരിലെ കുടുംബത്തിനാണ് കോളജിലെ 2021-23 ബാച്ച് എം.എസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നൽകിയത്.

    കോളജ് നടപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കൈകോർത്താണ് വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ക്യാംപിന്റെ ഭാഗമായി അരിപാമ്പ്രയും പരിസര പ്രദേശങ്ങളും സന്ദർശിച്ചപ്പോഴായിരുന്നു തകർന്നു വീഴാറായ വീട് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത വാതിലുമുള്ള വീട് അവരെ നൊമ്പരപ്പെടുത്തി.അടിയന്തരമായി വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ അവർ അപ്പോൾത്തന്നെ തീരുമാനമെടുത്തു.

    എന്നാൽ ഇതിനായി വീടിന്റെ ഉറപ്പ് പരിശോധിച്ചപ്പോഴാണ്, അറ്റകുറ്റപ്പണി നടത്തിയാലും വീട് നിലനിൽക്കാനുള്ള അടിത്തറ ഇല്ലെന്നു മനസ്സിലാക്കിയത്. തുടർന്നു പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിയമവ്യവസ്ഥകളുടെ പരിമിതിക്കുള്ളിൽ വീട് നിർമിച്ചു നൽകാൻ പറ്റില്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഭവന നിർമാണത്തിന് മുൻകയ്യെടുക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിറങ്ങിയത്.

    പണത്തിനു വഴികൾ പലത്

    വീട് നിർമാണത്തിന്റെ സുഗമമായ നടത്തിപ്പിന് ടി.എം.ഷിന്റോ, അരുൺ രാജ്, റിഷിമോൻ ബാബു, ടി.നിമ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റി രൂപീകരിച്ചു.നിർമാണസാമഗ്രികൾ സംഘടിപ്പിക്കാൻ സ്പോൺസർമാരെ കണ്ടെത്തി. കോളജിലെ നാഷനൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദശദിന ക്യാംപിന്റെ ആദ്യദിനമായ ഫെബ്രുവരി 20ന് കുറ്റിയടിച്ചു. 23ന് തറ കെട്ടലും 25ന് കട്ടിളവയ്പും നടത്തി. ക്യാംപിന്റെ സമാപന ദിനമായ 27ന് ചുമരുകെട്ടലും പൂർത്തിയാക്കി. 20 രൂപയുടെ ഗൂഗിൾ പേ ചാലഞ്ചിലൂടെയും കൂപ്പൺ വഴിയും വിദ്യാർഥികൾ വഴിയും കാരുണ്യ സംരംഭത്തിന് വേഗം കൂട്ടി. ക്യാംപിനു ശേഷമുള്ള മാസങ്ങളിൽ നിർമാണം ഘട്ടം ഘട്ടമായി തുടർന്ന് സെപ്റ്റംബർ 25ന് വീട് പൂർത്തീകരിച്ചു.

    താക്കോൽ കൈമാറി

    മൂന്നു ലക്ഷം രൂപയാണ് ചെലവായത്. സെന്റ് ജോസഫ് ചർച്ച് ഇടവക വികാരി ഫാ. ജോളി അൽഫോൻസും കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ മുൻ അധ്യാപകൻ റെൻസി ഫ്രാൻസിസും നിർമാണ കാലം മുഴുവൻ ഒപ്പംനിന്നു. ഇന്നലെ കോളജ് ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ കുടുംബത്തിന് താക്കോൽ കൈമാറി. പ്രിൻസിപ്പൽ ഡോ. കെ.സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി.നിമ റിപ്പോർട്ട് അവതരിപ്പിച്ചു. എം.വിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ, ടി.ഷീബ, അഷ്റഫ് കൊട്ടോല, സിസിലി ലൂയിസ്, ഫാ. ജോൺസൺ സിമേത്തി, രാജി സി.നായർ, മുഹമ്മദ് നൗഷാദ് നാസർ, ഇ.എൻ.അഞ്ജലി എന്നിവർ പ്രസംഗിച്ചു.


    No comments

    Post Top Ad

    Post Bottom Ad