കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടം: ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടത്തിലേക്ക്. ജില്ലാതല ഉദ്ഘാടനം നവംബർ 15ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിക്കും.
നവംബർ 15 മുതൽ ഡിസംബർ എട്ട് വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലാണ് വാക്സിനേറ്റർമാർ വീടുകളിലെത്തി കുത്തിവെപ്പ് നടത്തുക. നാലു മാസത്തിന് മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കാണ് കുത്തിവെപ്പ്. ജില്ലയിലെ 91706 പശുക്കളെയും 2449 എരുമ/പോത്തുകളെയും കുത്തിവെപ്പിന് വിധേയമാക്കും. ഇതിനായി കർഷകരിൽ നിന്ന് ഫീസ് ഈടാക്കില്ല. കുത്തിവെപ്പ് എടുത്താൽ പനി, പാൽ കുറയുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാവില്ല. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്.
അതിനാൽ ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. പ്രതിരോധ കുത്തിവെപ്പ് മൂലം അപകടങ്ങൾ സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകും. കുത്തിവെപ്പ് എടുക്കാൻ അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും.
2030നകം ഇന്ത്യയെ കുളമ്പുരോഗ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയായ ഗോരക്ഷ നടപ്പാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ കുളമ്പുരോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
No comments
Post a Comment