വിദ്യാര്‍ഥികള്‍ ജാഗ്രതൈ! കറങ്ങി നടക്കേണ്ട; വിവരമറിയും!
കണ്ണൂര്‍: സ്കൂള്‍ സമയങ്ങളില്‍ ക്ലാസില്‍ കയറാതെ കറങ്ങിനടക്കുന്ന വിദ്യാര്‍ഥികള്‍ ജാഗ്രതൈ! നിങ്ങളെ നിരീക്ഷിക്കാന്‍ പോലീസ് തൊട്ടുപിറകിലുണ്ട്.
ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്ന വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ സിറ്റി പോലീസ് "വാച്ച് ദി ചില്‍ഡ്രന്‍' എന്ന പേരില്‍ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചതായി കണ്ണൂര്‍ അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് ടി.കെ. രത്നകുമാര്‍ അറിയിച്ചു. ക്ലാസ് കട്ട് ചെയ്ത്
ബീച്ചുകള്‍, പാര്‍ക്കുകള്‍, മാളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ചുറ്റിത്തിരിയുന്ന വിദ്യാര്‍ഥികളെ പോലീസ് പിടികൂടും.
തുടര്‍ന്ന് രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും വിവരമറിയിക്കും. ഇതാണ് പദ്ധതിയുടെ ആദ്യഘട്ടം. ആദ്യത്തെ ഒരാഴ്ച പോലീസ് യൂണിഫോമിലും പിന്നീട് മഫ്തിയിലുമായിരിക്കും പോലീസ് നിരീക്ഷണം.
ക്ലാസ് കഴിഞ്ഞ് നിശ്ചിത സമയം കഴിഞ്ഞിട്ടും വീട്ടിലേക്കു പോകാതെ സ്റ്റാന്‍ഡിലും ബസ് സ്റ്റോപ്പുകളിലും ചുറ്റികറങ്ങിനടക്കുന്നവരെയും സംശയകരമായ സാഹചര്യത്തില്‍ ലീവ് എടുക്കുന്ന കുട്ടികളെയും പ്രത്യേകം നിരീക്ഷിക്കും. ഇവര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കും.
വീട്ടില്‍ അറിയിക്കാതെ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി ക്ലാസില്‍ നിന്നു നേത്തെ മുങ്ങുന്നവര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ സ്കൂള്‍ അധ്യാപകരും മുഖ്യാധ്യാപകരും പോലീസ് ഉദ്യാഗസ്ഥരും അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ് ആരംഭിക്കും.
അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍, വനിതാ സിഐ, എസ്‌ഐ, ജനമൈത്രി പോലീസ്, വിവിധ സ്കൂളുകളിലെ അധ്യാപകര്‍ എന്നിവരടങ്ങുന്നതാണ് വാട്സ് ആപ്പ് ഗ്രൂപ്പ്. രക്ഷിതാക്കളുടെ സമ്മതമില്ലാതെയും വ്യക്തമായ കാരണമില്ലാതെയും സ്കൂളില്‍ എത്താത്ത കുട്ടികളെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ വാട്സ്‌ആപ്പ് വിവരം നല്‍കണം. തുടര്‍ന്ന് പോലീസ് ഇവരുടെ വീടുകളില്‍ എത്തി അന്വേഷണം നടത്തും.
വീട്ടുകാരുടെ സമ്മതത്തോടെയാണോ കുട്ടി ലീവ് എടുത്തതെന്ന് അന്വേഷിക്കും. വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നടത്താനാണ് ഇത്തരം കര്‍മ പദ്ധതി നടപ്പിലാക്കുന്നതെന്ന് എസിപി പറഞ്ഞു.

No comments
Post a Comment