Header Ads

  • Breaking News

    പശുവിനെ ദേശീയമൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; അതല്ല ജോലിയെന്ന് സുപ്രിംകോടതി

    പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാതെ തള്ളി. ഇതാണോ കോടതിയുടെ ജോലിയെന്നും ഇത്തരം ഹർജികൾക്കെതിരെ പിഴയീടാക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ‘ഒരു മൃഗത്തെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയാണോ? പിഴ ചുമത്താൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് ഫയൽ ചെയ്യുന്നത്? ഏത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്?’ ജസ്റ്റിസുമാരായ എസ് കെ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

    പശു സംരക്ഷിക്കപ്പെടേണ്ട മൃഗമാണെന്നും കേന്ദ്രസർക്കാർ പശുവിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കോടതിയുടെ വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. സർക്കാരിതര സംഘടനയായ (എൻജിഒ) ഗോവൻഷ് സേവാ സദൻ ഉൾപ്പെടെയുളളവരാണ് പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

    No comments

    Post Top Ad

    Post Bottom Ad