ജവഹർ സ്റ്റേഡിയത്തെ മാലിന്യം തള്ളൽ കേന്ദ്രമാക്കരുത് : എം വി ജയരാജൻ
കണ്ണൂർ: കണ്ണൂരിന്റെ പ്രധാന കളിയിടമായ ജവഹർ സ്‌റ്റേഡിയത്തെ മാലിന്യംതള്ളൽ കേന്ദ്രമാക്കുന്ന നടപടി കണ്ണൂർ കോർപ്പറേഷൻ അവസാനിപ്പിക്കണമെന്ന് k .സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സ്‌റ്റേഡിയം സംരക്ഷണത്തിനായി സമിതി രൂപീകരിക്കും. k .സി.പി.ഐ .എം പാർടി കോൺഗ്രസിന് ഉപയോഗിച്ച് മൈതാനം കേട് വരുത്തിയെന്ന ദുരാരോപണത്തിൽ ഈടാക്കിയ പിഴത്തുക ഉപയോഗിച്ചെങ്കിലും സ്റ്റേഡിയം ശുചീകരിക്കണം. മാലിന്യം തള്ളലിനെക്കുറിച്ച് പരക്കെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ സ്റ്റേഡിയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജയരാജൻ.
ഫുട്‌ബോൾ, ക്രിക്കറ്റ് കളിക്കാരും അത്‌ലറ്റുകളും പ്രാക്ടീസ് നടത്തുന്ന മൈതാനമാണിത്. പൊലീസ്, സൈനിക റിക്രൂട്ട്‌മെന്റ് പരിശീലനവും നടന്നിരുന്നു. പരിശീലന ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലത്താണ് കോർപ്പറേഷൻ മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു ഡസനോളം വണ്ടികൾ പാർക്ക് ചെയ്യുന്നത്. ട്രാക്കിലടക്കം ആൽമരങ്ങൾ വളർന്നിട്ടുണ്ട്. സിപിഐ എം പാർടി കോൺഗ്രസിന്റെ സമയത്ത് കാടുപിടിച്ച സ്‌റ്റേഡിയം പൂർണമായി വൃത്തിയാക്കിയിരുന്നു. പവിലിയനും ഗ്യാലറിയും ശുചിമുറിയും ഉപയോഗയോഗ്യമാക്കി വെള്ളപൂശി. ഇപ്പോൾ ഇതെല്ലാം ഉപയോഗശൂന്യമായതിനൊപ്പം മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം നിറഞ്ഞതുമായി. മൂക്കുപൊത്തിയാണ് ആളുകൾ ഇതിലൂടെ നടക്കുന്നത്. മാലിന്യവും കാടും മൂടിയ സ്റ്റേഡിയം ഇഴജന്തുക്കൾ കൈയടക്കി. കായികതാരങ്ങളോടും കായികപ്രേമികളോടുമുള്ള യുദ്ധപ്രഖ്യാപനമാണിത്.
എൽഡിഎഫ് സർക്കാർ സ്റ്റേഡിയം നവീകരണത്തിനായി അനുവദിച്ച 13 കോടി രൂപ കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേടിലാണ് നഷ്ടമായത്. ടെൻഡർ നടപടി ആരംഭിച്ചപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകളും കോൺഗ്രസ് നേതാക്കൾ എതിർത്തു. മറ്റ് നഗരസഭകളിലെല്ലാം കിഫ്ബി മുഖേന സ്റ്റേഡിയം നവീകരണ പദ്ധതി നടപ്പാക്കുമ്പോഴാണ് ജവഹർ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ തുടരുന്നത്.
എല്ലാവിഭാഗക്കാരെയും പങ്കെടുപ്പിച്ച് 11ന് വൈകിട്ട് നാലിന് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ സ്‌റ്റേഡിയം സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ജയരാജൻ അറിയിച്ചു. സ്റ്റേഡിയത്തിൽ പരിശീലനം നടത്തിക്കൊണ്ടിരുന്ന കായികതാരങ്ങളും പരിശീലകരും സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് എം വി ജയരാജനോട് പരാതി ഉന്നയിച്ചു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
No comments
Post a Comment