Header Ads

  • Breaking News

    എം ജി റോഡ് ഡസ്റ്റ് ഫ്രീ റോഡാകുന്നു; ശുചിത്വ സുന്ദര നഗരമാവാൻ തലശ്ശേരി



     
    ശുചിത്വ സുന്ദര നഗരമാവാനൊരുങ്ങി തലശ്ശേരി. ഇതിന്റെ മുന്നോടിയായി എം ജി റോഡ് ഡസ്റ്റ് ഫ്രീ റോഡാക്കുന്ന പ്രവൃത്തി ആരംഭിച്ചു. മാലിന്യമുക്ത നഗരപാത എന്ന ലക്ഷ്യവുമായാണ് 485 മീറ്റർ റോഡ് നവീകരിക്കുന്നത്. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം മുതൽ ഗവ. ജനറൽ ആശുപത്രി വരെയാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരിന്റെ അഗ്ലോമറേഷൻ ഫണ്ടിൽ നിന്ന് 1.75 കോടി രൂപയും തുറമുഖ വകുപ്പ് ഫണ്ടിൽ നിന്ന് 2.50 കോടി രൂപയും വിനിയോഗിക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ മാലിന്യവും പൊടിപടലവും ഇല്ലാത്ത മാതൃക റോഡായി ഇത് മാറും. മിഠായി കടലാസ് പോലും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ ഓരോ പത്ത് മീറ്ററിലും പ്രത്യേക മാതൃകയിലുള്ള ചവറ്റുകൊട്ടകൾ സ്ഥാപിക്കും. നഗരസഭയുടെ ശുചിത്വ തൊഴിലാളികൾ ദിനംപ്രതി വൃത്തിയാക്കും. മാസത്തിൽ ഒരിക്കൽ റോഡ് കഴുകി വൃത്തിയാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് നഗരസഭാധ്യക്ഷ ജമുന റാണി ടീച്ചർ പറഞ്ഞു.
    ജനത്തിരക്കും വാഹനപ്പെരുപ്പവും കൊണ്ട് വീർപ്പുമുട്ടുന്ന തലശ്ശേരിയെ വയനാട് സുൽത്താൻ ബത്തേരി-പുൽപ്പള്ളി റോഡിന്റെ മാതൃകയിൽ ‘ഡസ്റ്റ് ഫ്രീ’യാക്കി സൗന്ദര്യവത്കരിക്കുകയാണ് ലക്ഷ്യം. അഞ്ച് ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾ, തലശ്ശേരി താലൂക്ക് ജനറൽ ആശുപത്രി, ബിഎസ്എൻഎൽ, കെഎസ്ഇബി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ, നഗരസഭ സ്റ്റേഡിയം, അഞ്ഞൂറോളം കടകൾ തുടങ്ങിയവ എം ജി റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെടുത്താതെയാണ് നിർമ്മാണം പുരോഗമിക്കുന്നത്.
    ആദ്യ ഘട്ടത്തിൽ ഓവുചാലുകൾ ആഴവും വീതിയും കൂട്ടി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുകയാണ്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട്് പരിഹരിക്കാൻ മൂന്നടി വീതം ആഴത്തിലും വീതിയിലുമാണ് പുതിയ ഓവുചാലുകൾ നിർമ്മിക്കുന്നത്. ഇത് വൃത്തിയാക്കാൻ ഓരോ അഞ്ചു മീറ്ററിലും മാൻ ഹോൾ സജ്ജമാക്കും. രണ്ടാം ഘട്ടത്തിൽ ജനറൽ ആശുപത്രി മുതൽ നഗരസഭ ഓഫീസ് വരെയുള്ള ഭാഗത്ത് പേവർ ഫിനിഷ്ഡ് രീതിയിൽ കോൺക്രീറ്റ് ചെയ്യും.
    നിലവിലുള്ളതിൽ നിന്ന് ഒരടി ഉയർത്തിയാണ് പുതിയ റോഡ് നിർമ്മിക്കുക. ഇരുവശത്തും ടൈലുകൾ പാകിയ നടപ്പാതകളും കൈവരിയും ഒരുക്കും. 1.5 മീറ്റർ വീതിയിലാണ് നടപ്പാത ഒരുക്കുക. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റോഡിനിരുവശത്തും തെരുവു വിളക്കുകളും അലങ്കാരചെടികളും സ്ഥാപിക്കും. ഭാവിയിൽ കോൺക്രീറ്റ് ഇളക്കിമാറ്റാതെ കേബിളുകൾ സ്ഥാപിക്കാൻ റോഡരികിൽ കേസിംഗ് പൈപ്പുകളും സജ്ജമാക്കും. ഓവുചാലിന്റെ പ്രവൃത്തി ഒരു മാസത്തിനുള്ളിലും മറ്റ് പ്രവൃത്തികൾ ആറു മാസത്തിനകവും പൂർത്തിയാക്കാനാണ് ലക്ഷ്യം.


    No comments

    Post Top Ad

    Post Bottom Ad