വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ക്ഷേത്രകലാ അക്കാദമി പുരസ്‌കാര വിതരണവും കലാസംഗമവും 10ന് മണ്ടൂരിൽ
ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്‌കാര വിതരണവും ക്ഷേത്രകലാസംഗമവും ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് പഴയങ്ങാടി മണ്ടൂരിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗമായ എം വിജിൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ ടി വി രാജേഷ് എന്നിവർ മുഖ്യാതിഥികളാകും.
ക്ഷേത്രകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് രാവിലെ ഒമ്പത് മുതൽ രാത്രി വരെ നീളുന്ന വിപുലമായ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് കൈലാസ് സന്തോഷിന്റെ സോപാന സംഗീതത്തോടെ തുടക്കമാവും. ക്ഷേത്രകലാ അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളവും ഗുരുവായൂർ ദേവസ്വത്തിന്റെ കൃഷ്ണനാട്ടവും പരിപാടിയ്ക്ക് മാറ്റ് കൂട്ടും.
കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് അവതരിപ്പിക്കുന്നത് അപൂർവ്വമാണ്. ചെറുതാഴം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, കുമ്പള പാർത്ഥി സുബ്ബ യക്ഷഗാന കലാക്ഷേത്രയുടെ യക്ഷഗാനം, എളവൂർ അനിലും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ക്ഷേത്രകലാ അക്കാദമി വിദ്യാർഥികളുടെ ഓട്ടൻതുള്ളൽ, നൃത്ത സംഗീതിക എന്നിവയും അരങ്ങേറും.
2021ലെ ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പെരുവനം കുട്ടൻ മാരാരും ക്ഷേത്രകലാ ഫെലോഷിപ്പിന് നാട്യാചാര്യ ഗുരു എൻ വി കൃഷ്ണനുമാണ് അർഹരായത്. ഇതോടൊപ്പം കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 23 കലാകാരൻമാർക്ക് ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് യുവപ്രതിഭാ പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങൾക്ക് 7500 രൂപയുമാണ് സമ്മാനത്തുക. പ്രശസ്തി പത്രവും ശിൽപവും നൽകും.
കണ്ണൂർ പി ആർ ഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ എച്ച് സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണസമിതി അംഗം ചെറുതാഴം ചന്ദ്രൻ, സംഘാടകസമിതി ചെയർമാൻ കെ പത്മനാഭൻ, എന്നിവർ പങ്കെടുത്തു.
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ
കണ്ണൂർ ഗവ. പോളിടെക്‌നിക് കോളജ്, മട്ടന്നൂർ പോളിടെക്‌നിക്, പയ്യന്നൂർ റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്, പിലാത്തറ എംജിഎം പോളിടെക്‌നിക് എന്നീ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 11 മുതൽ 14 വരെ നടക്കും. ജില്ലയിലെ നോഡൽ പോളിടെക്‌നിക് കോളേജായ കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിലെത്തിയാണ് പ്രവേശനം നേടാനാകുക. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക.
എംബിഎ സ്‌പോട്ട് അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ ട്രാവൽ ആന്റ് ടൂറിസം കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. താൽപര്യമുള്ളവർ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈക്കാടെ കിറ്റ്‌സിന്റെ ഓഫീസിൽ ഹാജരാകണം.
ഫോൺ: 9446529467, 9447013046, 04712329539, 2327707.
എംസിഎ സ്‌പോട്ട് അഡ്മിഷൻ
ഐ എച്ച് ആർ ഡി യുടെ കീഴിലെ ചെങ്ങന്നൂർ, ചേർത്തല, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുകളിൽ എം സി എ പ്രവേശനത്തിന് ജനറൽ/റിസർവേഷൻ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദ തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്‌സ് പഠിച്ച് ബിരുദത്തിന് 50 ശതമാനം മാർക്ക് ലഭിച്ചവർക്ക് (സംവരണം വിഭാഗത്തിന് 45%) അപേക്ഷിക്കാം. എൽ ബി എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.
വനിതാ സൗഹൃദ ശുചിത്വ സമുച്ചയം
ഉദ്ഘാടനം ചെയ്തു
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോലത്തുവയൽ വീവേഴ്സ് സൊസൈറ്റിയിലെ വനിതകൾക്കായി നിർമിച്ച വനിതാ സൗഹൃദ ശുചിത്വ സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചിലവിൽ നിർമിച്ച കെട്ടിടത്തിൽ അറ്റാച്ച്ഡ് ബാത്ത് റൂം ഉള്ള വിശ്രമമുറി, ലോബി, നാല് ശുചി മുറികൾ, റാമ്പ് എന്നിവയാണുള്ളത്.
കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനീയർ യു വി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഡി വിമല, അംഗങ്ങളായ കെ പ്രീത, സെക്രട്ടറി കെ സുനിൽ കുമാർ, കോലത്തുവയൽ വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി എൻ പി രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.
എം ബി എ സീറ്റൊഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം ബി എ ജനറൽ വിഭാഗത്തിലും സംവരണ വിഭാഗങ്ങളായ എസ് സി/എസ് ടി/ ഒ ഇ സി/ ഫിഷർമാൻ വിഭാഗത്തിലും സീറ്റൊഴിവ്. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദം. കെ മാറ്റ് എൻട്രൻസ് പരീക്ഷ സ്‌കോർ ഇല്ലാത്തവർക്കും ഈ അവസരം ലഭ്യമാണ്. താൽപര്യമുളളവർ meet.google.com/obf-mmcs-bqy എന്ന ലിങ്കിൽ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് നടക്കുന്ന ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 8547618290, 9447002106. വെബ്‌സൈറ്റ്: www.kicma.ac.in
താൽക്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ എ എച്ച് കൗൺസിലർ, ആർ ബി എസ് കെ നഴ്‌സ്/ ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.nhmkannur.in സന്ദർശിക്കുക. അപേക്ഷകൾ ഒക്ടോബർ 12ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 0497 2709920.
സൈക്കോളജി അപ്രന്റീസ് ഒഴിവ്
പെരിങ്ങോം ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോൺ: 0498 5295440.
വാഹനീയം അദാലത്തിലേക്ക് പരാതി അയക്കാം
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാഹനീയം അദാലത്തിലേക്ക് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അയക്കാം. തളിപ്പറമ്പ് സബ് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഒക്ടോബർ 12നകം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കണം. ഫോൺ: 0460 2206580.
ഓംബുഡ്‌സ്മാൻ സിറ്റിംഗ് 12ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ഒക്ടോബർ 12ന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന സിറ്റിംഗിൽ പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.
ഇ മെയിൽ വഴിയും ഫോൺ മുഖേനയും തപാൽ വഴിയും പരാതികൾ സമർപ്പിക്കാം. ഇ മെയിൽ: ombudsmanmgnregskannur@gmail.com . ഫോൺ: 9447287542.
ഹൈസ്‌കൂൾ ടീച്ചർ: അഭിമുഖം 14ന്
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻ സി എ-ഹിന്ദു നാടാർ-447/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഒക്ടോബർ 14ന് പി എസ് സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ, ബയോഡാറ്റ എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ: 04972700482
എസ് സി പ്രമോട്ടർ നിയമനം: കൂടിക്കാഴ്ച 17ന്
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ മുണ്ടേരി, നാറാത്ത് ഗ്രാമപഞ്ചായത്തുകളിൽ എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഒക്ടോബർ 17ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അനക്‌സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. പ്ലസ്ടു യോഗ്യതയും അതാത് തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിരതാമസക്കാരുമായ പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. പ്രായം 18നും 30നും ഇടയിൽ. ഫോൺ: 0497 2700596.
പൊലീസ് പരാതി അതോറിറ്റി സിറ്റിംഗ്
ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിംഗ് ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. വിചാരണ തീയതി ലഭിച്ചവർ കൃത്യസമയത്ത് ഹാജരാകണമെന്ന് പൊലീസ് പരാതി അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചീനീയറിംഗ് കോളേജിലെ സിവിൽ ഡിപ്പാർട്ട്‌മെന്റിലേക്ക് എയർ കണ്ടീഷണർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 12ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ടെണ്ടർ
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പാട്യം ചെറുവാഞ്ചേരി, പയ്യന്നൂർ മുത്തത്തി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പകൽ വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യാൻ കരാറുകാർ/ഏജൻസികൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 18ന് രാവിലെ 11.30 വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിൽ നിന്നും ലഭിക്കും.
ലോക മാനസികാരോഗ്യ ദിനാചരണം 10ന്
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കുന്ന ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ‘എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ഒരു ആഗോള മുൻഗണനയാക്കി മാറ്റുക’ എന്ന വിഷയത്തിൽ പോസ്റ്റർ രചന, ക്വിസ് എന്നീ മത്സരങ്ങളും പഠനക്ലാസും നടക്കും. ഡി എം ഒ ഡോ. കെ നാരായണ നായിക് അധ്യക്ഷത വഹിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തി എസ് ബാബു ക്ലാസെടുക്കും.
മിനിമം വേതന ഉപസമിതി തെളിവെടുപ്പ് യോഗം
ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവ്വീസ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുളള മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി തെളിവെടുപ്പ് യോഗം ഒക്ടോബർ 14 ന് യഥാക്രമം രാവിലെ 10.30നും 11നും 11.30 നും കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
ലോക ടൂറിസം ദിനം: ക്വിസ് മത്സര വിജയികൾ
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
കോളേജ് വിഭാഗത്തിൽ മണാശ്ശേരി എം എ എം ഒ കോളേജ് വിദ്യാർഥി മുഹമ്മദ് റാഷിദ് ഒന്നാം സ്ഥാനവും തോട്ടട ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർഥി അശ്വിൻ പുത്തലത്ത് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിലെ യദു രാജീവ് ഒന്നാം സ്ഥാനവും കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ജി ഗോവർധൻ രണ്ടാം സ്ഥാനവുംനേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ മമ്പറം ഹയർ സെക്കണ്ടറി സ്‌കൂളിലെ നിസ്വാന എസ് പ്രമോദ് ഒന്നാം സ്ഥാനവും പാല ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ ഫസൽ രണ്ടാം സ്ഥാനവും നേടി.
തുന്നൽ ടീച്ചർ: ഇന്റർവ്യൂ12ന്
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുന്നൽ ടീച്ചർ (എച്ച് എസ്-335/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ജനുവരി 27ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 12ന് പി എസ് സി എറണാകുളം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.
വിവരാവകാശ കമ്മീഷണറുടെ വിചാരണ 12ന്
വിവരാവകാശ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി കമ്മീഷണർ എ അബ്ദുൽ ഹക്കീം ഒക്ടോബർ 12ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിചാരണ നടത്തും.
അപേക്ഷ ക്ഷണിച്ചു
സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തിൽ തുടങ്ങുന്ന ഡിസിഎ, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഡി ടി പി, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, എം എസ് ഓഫീസ്, ടാലി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി. എസ് സി, എസ് ടി, ബി പി എൽ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. എംബിഎ/ബിബിഎ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്ലിൽ ടി ഒ ടി കോഴ്സുമാണ് യോഗ്യത. കൂടാതെ ഹയർ സെക്കണ്ടറിയിലോ ഡിപ്ലോമ ലെവലിലോ ഉയർന്ന ലെവലിലോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ ഒക്ടോബർ 12ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതംഐ ടി ഐയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2318650.
No comments
Post a Comment