ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം; ‘നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ ശ്രമിക്കുന്നു’, പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ സമസ്ത
Type Here to Get Search Results !

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം; ‘നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ ശ്രമിക്കുന്നു’, പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ സമസ്ത


ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനൊരുങ്ങി സമസ്ത. സര്‍ക്കാര്‍ കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം നടത്തുക. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്‌ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ ലിംഗ സമത്വ യൂണിഫോം വിഷയം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.

പ്രഭാഷകര്‍ക്ക് വേണ്ടി ഈ മാസം 24ന് പഠനക്ലാസും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പുതുതലമുറയെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടു പോകാന്‍ ബോധപൂര്‍വ്വ ശ്രമം നടത്തുന്നുണ്ടെന്നാണ് സമസ്തയുടെ ആക്ഷേപം.

അതേസമയം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. മുസ്ലിം ലീഗ് അടക്കമുള്ളവര്‍ ഈ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ലിംഗസമത്വ യൂണിഫോം വിഷയത്തില്‍ ലീഗ് നേതാവ് ഡോ. എംകെ മുനീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad