പാപ്പിനിശ്ശേരി: വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി.
ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ട് വളപട്ടണം റെയിൽവേ പാലത്തിലൂടെ കടക്കുന്നതിനിടയിൽ കാൽവഴുതി പുഴയിലേക്ക് വീണ പൊയ്ത്തുംകടവ് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചന്ദ്രനെയാണ് (50) തീരദേശസേന രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിയോടെയാണ് സംഭവം. സമീപത്ത് ചൂണ്ടയിടുന്നവരും മണൽ തൊഴിലാളികളുമാണ് ഒരാൾ പുഴയിലേക്ക് വീഴുന്നത് കണ്ടത്. വീണയാൾ നീന്തി റെയിൽവേ പാലത്തിന്റെ തൂണ് പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു.
തീരദേശ സേനക്ക് സന്ദേശം ലഭിച്ച ഉടൻ കുതിച്ചെത്തിയ സേനാംഗങ്ങൾ വീണയാളെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.കരയിൽ എത്തിച്ചയാൾക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷയും ലഭ്യമാക്കി. തൃശൂർ സ്വദേശിയായ ചന്ദ്രൻ അഴീക്കോട് പൊയ്ത്തുംകടവിലെ വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. കുറെ കാലമായി ലോട്ടറിവിൽപന നടത്തിയാണ് ഉപജീവനം നടത്തുന്നത്.