കിണറ്റിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കിളിമാനൂർ: വീട്ടുമുറ്റത്തെ കിണറ്റിൽ കാൽ വഴുതി വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നഗരൂർ, രാലൂർ കാവ്, വിളയിൽ വീട്ടിൽ സതീശൻ, ചിഞ്ചു ദമ്പതിമാരുടെ മൂത്ത മകൻ ആനന്ദ് (10) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന്, നടത്തിയ തെരച്ചിലിൽ വീട്ടുമുറ്റത്തെ പൊക്കം കുറഞ്ഞ ആൾ മറയുള്ള കിണറ്റിൽ ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്ന്, ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും, ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
മൃതദേഹം ചെളിയിൽ തലകീഴായി പുതഞ്ഞ നിലയിലായിരുന്നു. വെള്ളം കോരുന്നതിനിടയിൽ കാൽവഴുതി വീണതാകാമെന്നാണ് നിഗമനം, സംഭവത്തിൽ, മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം കേശവ പുരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. ആദിത്യൻ, അഭിഷേക് എന്നിവർ സഹോദരങ്ങളാണ്. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
No comments
Post a Comment