Header Ads

  • Breaking News

    റോഡപകടങ്ങൾ ഒഴിവാക്കാൻ നടപടി


    കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു പള്ളിക്കുളം ഭാഗത്ത് അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനംചെയ്യാൻ കെ.വി.സുമേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

    പള്ളിക്കുളത്ത് നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റോഡിന്റെ വീതിക്കുറവും വാഹനപ്പെരുപ്പവും കൃത്യമായ ബസ് ബേകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. പള്ളിക്കുളം ജങ്‌ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ ഉള്ള ഫലപ്രദമായ മാർഗം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയാണ്. നിലവിലെ റോഡ് നാലുവരിപ്പാതയായി നവീകരിക്കും. ആധുനികരീതിയിൽ ഡിവൈഡറുകളും ലൈറ്റുകളും ബസ് ബേകളും നിർമിക്കും.

    പദ്ധതി യാഥാർഥ്യമാവുന്നതോടെ അപകടങ്ങൾക്കും പുതിയതെരുവിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും പൂർണ പരിഹാരമാകും. പുതിയതെരു മുതൽ താഴെ ചൊവ്വവരെയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലെ പ്രധാന റോഡ്. കളരിവാതുക്കൽ റോഡ് നവീകരണം, പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഹയർ സെക്കൻഡറി, അരോളി ഗവ. ഹയർ സെക്കൻഡറി, അഴീക്കോട് മീൻകുന്ന് ഗവ. ഹയർ സെക്കൻഡറി എന്നീ മൂന്ന് സ്കൂളുകളിലെ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കാനും പുതിയ പദ്ധതികളുടെ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
    കണ്ണൂർ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ്, അസി. എക്സി. എൻജിനീയർമാരായ പി. രാം കിഷോർ, ഷീല ചോരൻ, സി. ദേവസേനൻ, കെ.വി. മനോജ്‌കുമാർ, അസി. എൻജിനീയർമാരായ എം. മുഹമ്മദ് മുന്നാസ്, വി.കെ. ഷാജിഷ്, വിപിൻ അന്നിയേരി, എ.പി.എം. മുഹമ്മദ് സിനാൻ, പ്രോജക്ട് എൻജിനീയർ ഐ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad