Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    പോളിടെക്നിക്കിൽ വിവിധ കോഴ്സുകൾ
     
    ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: എസ് എസ് എൽ സി. അപേക്ഷ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ആഗസ്റ്റ് രണ്ട് വരെ സമർപ്പിക്കാം. അപേക്ഷാ ഫീസും ഓൺലൈനായി അടക്കണം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 0497 2780287, 8547005082, 9447885306, 9446906619, 9633788994.

    കോവിഡ്-19 മരണം: സ്മൈൽ 
    കേരള വായ്പ പദ്ധതിക്ക് അപേക്ഷിക്കാം

    കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനദായകൻ  മരിച്ച  കുടുംബങ്ങളെ (പട്ടികവർഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിന് കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ  കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി നൽകുക. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ച 18 വയസ്സിനും 55 വയസ്സിനുമിടയിൽ പ്രായമുള്ള മുഖ്യ വരുമാനദായകന്റെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.kswdc.org എന്ന് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0497 2701399, 9496015014
     
    ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ
     
    കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100. വിലാസം: കെൽട്രോൺ നോളജ്  സെന്റർ സഹാറാ സെന്റർ, എ വി കെ നായർ റോഡ് തലശ്ശേരി.
     
    സ്വയംതൊഴിൽ വായ്പാ പദ്ധതി
     
    സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.

    എംഎൽഎ ഫണ്ട്: ഭരണാനുമതി നൽകി
     
    ചെറുപുഴ ഗ്രാമപഞ്ചായത്ത് വാഴക്കണ്ടം-ചൂരപ്പടവ് റോഡ് നവീകരിക്കൽ പ്രവൃത്തി നടത്തുന്നതിന് ടി ഐ മധുസൂദനൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.
     
    ചെറുപുഴ ഗ്രാമപഞ്ചായത്ത് ചട്ടിവയൽ നായനാർ വായനശാല കെട്ടിട നിർമ്മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് ടി ഐ മധുസൂദനൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.
     
    വനം വകുപ്പിന് നിരീക്ഷണത്തിന് ജീപ്പുകൾ: ക്വട്ടേഷൻ ക്ഷണിച്ചു
     
    ആറളം പുനരധിവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായ വിവിധ ബ്ലോക്കുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിന്  മൂന്ന് മാസത്തേക്ക് രണ്ട് മഹീന്ദ്ര ജീപ്പുകൾ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 27 വൈകീട്ട് മൂന്ന് മണി. ഫാമിനകത്തുള്ള വാഹന ഉടമകൾക്കും, തദ്ദേശവാസികളായ പട്ടിക വർഗ്ഗക്കാർക്കും പ്രത്യേക മുൻഗണന. വിലാസം: പ്രോജക്ട് ഓഫീസർ, ഐ ടി ഡി പി, സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്ക്, കണ്ണൂർ- 670002. ഫോൺ : 04972700357.
     
    പട്ടയ വിചാരണ മാറ്റിവെച്ചു

    കണ്ണൂർ കലക്ടറേറ്റിൽ ജൂലൈ 20, 21 തീയ്യതികളിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ യഥാക്രമം സെപ്റ്റംബർ 13, 14 തീയ്യതികളിലേക്ക് മാറ്റി വെച്ചതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

    ജില്ലാ വികസന സമിതി യോഗം ജൂലൈ 30ന്

    ജില്ലാ വികസന സമിതി യോഗം ജൂലൈ 30 ശനി രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

    ഫാം തൊഴിലാളികൾ: താൽക്കാലിക ഒഴിവ്

    ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ 12 ഫാം തൊഴിലാളികളുടെ (പുരുഷന്മാർ ആറ്, സ്ത്രീകൾ ആറ്)  താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പച്ചക്കറി, നെല്ല്, കിഴങ്ങ് വർഗങ്ങൾ, അടയ്ക്ക, കുരുമുളക്, കശുവണ്ടി, മാവ് മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയുടെ കൃഷി, പരിപാലനം, വിളവെടുപ്പ് തുടങ്ങിയ എല്ലാ കർഷികവൃത്തികളിലും പ്രാവീണ്യം. പുരുഷന്മാർ തെങ്ങുകയറ്റം അറിഞ്ഞിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 41 വയസ്സിനും ഇടയിൽ. താൽപര്യമുള്ളവർ ജൂലൈ 26 ന് മുമ്പായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം.

    വാഹനം ആവശ്യമുണ്ട്

    ജില്ലാ വനിത ശിശുവികസന ഓഫീസ് ഉപയോഗത്തിനായി ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് നാല് 12 മണി. വിലാസം ജില്ലാ വനിത ശിശുവികസന ഓഫീസ്, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ, 670002 . ഫോൺ: 0497 2700708. ഇ മെയിൽ wcdkannur@gmail.com

    തൊഴിലാളികളുടെ മക്കൾക്ക്
    ഐ ടി ഐ പ്രവേശനം

    കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിലെ വരിക്കാരുടെ മക്കളിൽ നിന്ന് ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 12 ഐ ടി ഐകളിൽ 13 ട്രേഡുകളിലാണ് ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് 260 സീറ്റ് സംവരണം ചെയ്തിട്ടുള്ളത്. താൽപര്യമുള്ളവർ www.labourwelfarefund.in ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പെന്റ് ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad