Header Ads

  • Breaking News

    ഭൂവിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ഒരുവർഷം

    തിരുവനന്തപുരം: ഭൂമിയുടെ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേർ എടുക്കാൻ സർക്കാർ ഒരുവർഷസമയം പ്രഖ്യാപിച്ചു. 2023 ജൂൺ 15 വരെ ഭൂ ഉടമകൾക്ക് ഓൺലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയോ ഒറ്റ തണ്ടപ്പേർ എടുക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ റവന്യൂവകുപ്പ് പുറത്തിറക്കി.

    ഒരാളുടെ ഉടമസ്ഥതയിൽ ഒന്നിലധികം തണ്ടപ്പേരുകളിൽ പല വില്ലേജുകളിലുള്ള ഭൂമിയുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേരിലേക്ക് മാറ്റുന്നതാണ് യുണീക് തണ്ടപ്പേർ പദ്ധതി.

    ഭൂവിവരങ്ങൾ കൂടുതൽ സുതാര്യമാക്കാനും ബിനാമി ഇടപാടുകൾ തടയാനും ലക്ഷ്യമിട്ടാണ് ഭൂവിവരങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാകുന്നമുറയ്ക്ക് എല്ലാ ഭൂ ഉടമകൾക്കും യുണീക് തണ്ടപ്പേർ ലഭ്യമാക്കാനാണ് റവന്യൂവകുപ്പ് ലക്ഷ്യമിടുന്നത്. വെബ്സൈറ്റ്: www.revenue.kerala.gov.in

    ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. ഇതിനായി ഉപയോഗിക്കാം. വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയും ഒ.ടി.പി. ഉപയോഗിച്ചോ വിരലടയാളം പതിപ്പിച്ചോ ഭൂവിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാം. ഓൺലൈനിൽ രജിസ്റ്റർചെയ്താൽ വില്ലേജ് ഓഫീസറുടെ ഉത്തമബോധ്യത്തിലാണ് അപേക്ഷ അംഗീകരിച്ച് യുണീക് തണ്ടപ്പേർ അനുവദിക്കുക. 

    രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ആധാരം, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഭൂ ഉടമ വില്ലേജോഫീസിൽ നേരിട്ട് ഹാജരാകണം. പഴക്കമുള്ള ആധാരങ്ങളിൽ തിരിച്ചറിയൽ രേഖകളുടെ വിവരം നൽകിയിട്ടില്ല എന്നതിനാൽ നേരിട്ട്‌ ഹാജരാകേണ്ടതിനുള്ള സാധ്യത കൂടുതലാണ്. പുതിയ ആധാരങ്ങളിൽ തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ചേർക്കുന്നുണ്ട്. 

    യുണീക് തണ്ടപ്പേർ അനുവദിക്കപ്പെട്ടാൽ അത് ആധാരത്തിൽ രേഖപ്പെടുത്തും. ആധാർ നമ്പർ ഇല്ലാത്തവർക്ക് നിലവിലുള്ള തണ്ടപ്പേർ തുടരാം. ആധാർനമ്പർ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കുകയുമാവാം.

    തണ്ടപ്പേർ പകർപ്പിന് നിലവിൽ ഈടാക്കുന്ന തുകതന്നെ യുണീക് തണ്ടപ്പേർ പകർപ്പിനും ഈടാക്കും. ഭൂമിയുടെ രജിസ്‌ട്രേഷൻ സമയത്ത് യുണീക് തണ്ടപ്പേർ നിലവിലുള്ള കേസുകളിൽ അത് രേഖപ്പെടുത്തിനൽകും. റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ ഇതിനുള്ള നടപടി സ്വീകരിക്കും.

    No comments

    Post Top Ad

    Post Bottom Ad