Header Ads

  • Breaking News

    ലോകത്തെവിടെ നിന്നും റബ്ബർ വില്ക്കാം: റബ്ബർ വിപണിയിൽ ബുധനാഴ്ച മുതൽ ഇ-മാർക്കറ്റ്

    കണ്ണൂർ: റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം-റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം.

    വാഹനവിപണിയിലേറ്റവും ആവശ്യമുള്ള റബ്ബറിന്റെ ഗുണനിലവാരത്തിൽ സ്ഥിരത ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ളതാണ്. റബ്ബറുത്പാദക സംഘങ്ങൾക്കും കച്ചവടക്കാർക്കും മികച്ച റബ്ബറിന് ആനുപാതിക വില ലഭിക്കുന്നില്ലെന്നും പരാതികളുമുണ്ട്. പുതിയ സംവിധാനത്തോടെ ഈ രണ്ടുപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കച്ചവടക്കാർക്കും പ്രോസസർമാർക്കും ദൂരെയുള്ളയാളുകളിൽനിന്ന് നേരിട്ട്‌ റബ്ബർ വാങ്ങാൻ കഴിയും. ഇതു കച്ചവടസാധ്യത കൂട്ടും. കർഷകക്കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളാണ് ഏറ്റവും താഴെയുള്ള വിൽപ്പനക്കാർ. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോം മൊബൈലുകൾ വഴി കച്ചവടം നടത്താം.

    മറ്റു പ്രധാനനേട്ടങ്ങൾ:

    1. അതിർത്തികളില്ലാത്ത വ്യാപാരം- ദക്ഷിണേന്ത്യയാണ് ഇപ്പോൾ രാജ്യത്തെ പ്രധാന റബ്ബർമേഖല. കച്ചവടക്കാരും ഇവിടെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അടുത്തകാലത്തായി കൃഷി തുടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലുള്ള കച്ചവടക്കാർക്ക് അവിടെനിന്ന് റബ്ബർവാങ്ങാൻ ഇപ്പോൾ കാര്യക്ഷമമായ സംവിധാനങ്ങളില്ല. ആ പ്രശ്‌നം പരിഹരിക്കപ്പെടും.

    2. വിൽപ്പനയിലെ രഹസ്യാത്മകത- കമ്പനികൾ ഓരോരുത്തർക്കും ഓഫർ ചെയ്യുന്ന തുക മറ്റുള്ളവർക്കറിയാൻ കഴിയില്ല. ഗുണമേന്മ കൂടുന്നതനുസരിച്ച് വിൽപ്പനക്കാരുടെ വിലപേശൽ ശക്തി കൂടും.

    3. ഗുണമേന്മ സർക്കിഫിക്കറ്റ്- ഇത് വാങ്ങുന്നതും വിൽക്കുന്നതുമായ തലത്തിൽ ഉറപ്പാക്കാൻ കഴിയും. ഇപ്പോൾ ടയറിതര വ്യവസായങ്ങൾക്ക് വാങ്ങുന്ന റബ്ബറിന്റെ ഗുണമേന്മ ഉറപ്പിക്കാൻ കഴിയാത്തതിനു പരിഹാരമാകും.

    4. വാങ്ങുന്നതും വിൽക്കുന്നതും അപചരിചിതരായാലും പണമിടപാടിൽ സുതാര്യത ഉറപ്പാക്കാൻ സ്വകാര്യബാങ്കുമായി ചേർന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. എസ്‌ക്രോ അക്കൗണ്ട് സൗകര്യം എന്നാണിതിനു പറയുന്നത്.

    5. വിൽപ്പനക്കാർക്കു പലിശരഹിത അഡ്വാൻസ് നൽകാൻ രണ്ടു ബാങ്കുകൾ തയ്യാറായിട്ടുണ്ട്. ഓൺലൈനിലും ഓഫ്‌ലൈനിലും ഇതാദ്യമാണെന്ന് പറയുന്നു.

    വിശദാംശങ്ങൾക്ക്: 8301952290, ഇമെയിൽ: mrube123@rubberboard.org.in  വെബ്‌സൈറ്റ് : www.mrube.in


    No comments

    Post Top Ad

    Post Bottom Ad