Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ സുരക്ഷ: കണ്ണൂരിൽ നാളെ ഗതാഗത നിയന്ത്രണം



    തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂരിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തളിപ്പറമ്പ് മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ വഴി തിരിച്ചുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക.

    അതേസമയം ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല. ഇന്ന് കോഴിക്കോടും മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കാണാനായത്. മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളിൽ കനത്ത സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിരുന്നു. പന്തീരങ്കാവിൽ യുവ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കോഴിക്കോട്ടേക്ക് വരുന്ന വഴി കോട്ടയ്ക്കലിൽ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി.

    കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം പൊലീസാണ് നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.

    കോഴിക്കോട് ജില്ലയിൽ എല്ലായിടത്തും റോഡുകൾ അടച്ചുകൊണ്ടുള്ള സുരക്ഷ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രാ എളുപ്പമാക്കുന്നതിന് വേണ്ടി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിൽ മാത്രമാണ് വാഹനങ്ങൾ പൊലീസ് അൽപ്പ സമയം തടഞ്ഞു നിർത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിലൂടെ ജനങ്ങൾ പ്രയാസപ്പെടുകയാണെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അത്തരം ആക്ഷേപങ്ങൾക്ക് വഴിവെക്കുന്ന നടപടികൾ കോഴിക്കോട് ജില്ലയിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.


    No comments

    Post Top Ad

    Post Bottom Ad