മെഡിസെപ് ജൂലൈ ഒന്നു മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളാകുന്ന ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടത്. പദ്ധതിയുടെ കീഴില്‍ വരുന്ന പൊതു/സ്വകാര്യ ആശുപത്രികളില്‍ ഗുണഭോക്താവോ ആശ്രിതരോ തേടുന്ന അംഗീകൃത ചികിത്സകള്‍ക്ക് ഓരോ കുടുംബത്തിനും മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്. പ്രതിവര്‍ഷ കവറേജില്‍ 1.5 ലക്ഷം രൂപ മൂന്ന് വര്‍ഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തില്‍ ഫ്ലോട്ടര്‍ (floater) അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന പരിരക്ഷ കൂടാതെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയവമാറ്റ ചികിത്സാ പ്രക്രിയകള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി 35 കോടി രൂപയില്‍ കുറയാത്ത തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കോര്‍പ്പസ് ഫണ്ടില്‍ നിന്ന് (മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനകത്ത്) വിനിയോഗിക്കാം. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സാ പ്രക്രിയകള്‍ക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയര്‍ ചികിത്സാ പ്രക്രിയകള്‍ക്കും ഗുണഭോക്താവിന് നേരിടേണ്ടി വരുന്ന ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടര്‍/അറ്റന്‍ഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാര്‍ജ്ജുകള്‍ (Diagnostic), രോഗാനുബന്ധ ഭക്ഷണ ചെലവുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും. പദ്ധതിയില്‍ അംഗങ്ങളായ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാര്‍ഡ് www.medisep.kerala.gov.in ലെ മെഡിസെപ് ഐ.ഡി യൂസര്‍ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയാണ് ‘മെഡിസെപ്’ നടപ്പില്‍ വരുത്തുന്നതെന്ന് ധനമന്ത്രി അറിയിച്ചു.
No comments
Post a Comment