Header Ads

  • Breaking News

    വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പടവുകൾ



    അപകടങ്ങൾ, പെട്ടെന്നുള്ള മരണം എന്നിവ കാരണം ഭർത്താവിന്റെ നഷ്ടമായി വിധവകളാകുന്ന സ്ത്രീകൾക്ക് മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പടവുകൾ. വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയ്ക്ക് പദ്ധതിയിൽ ധനസഹായം ലഭിക്കും.

    പദ്ധതി മാനദണ്ഡം:

    സർക്കാർ/സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സിന് (എംബിബിഎസ്, എൻജിനീയറിംഗ്, എംബിഎ) പഠിക്കുന്നവരാണ് ഗുണഭോക്താക്കൾ.

    ഓരോ കോഴ്സിനും നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസ് നൽകും. കൂടാതെ ഹോസ്റ്റൽ ഫീസ് (മെസ് ഫീസ് ഉൾപ്പെടെ) നൽകുന്നു. സെമസ്റ്റർ ഫീസാണെങ്കിൽ വർഷത്തിൽ രണ്ടു തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും

    മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ/ സംസ്ഥാന സർക്കാരിനു കീഴിലുള്ള സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള കോളേജുകളിൽ പഠിക്കുന്നവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരുമായിരിക്കണം

    കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

    മെരിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം.

    പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവ സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ഹാജരാക്കണം.

    സർക്കാരിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ വാങ്ങുന്നവർ ധനസഹായത്തിന് അർഹരല്ല.

    അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർമാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല.

    ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ധനസഹായത്തിന് അർഹതയുണ്ട്.

    അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർക്ക് നൽകണം.

    സമർപ്പിക്കേണ്ട രേഖകൾ:

    അപേക്ഷാ ഫോം, കോഴ്സ്/ഹോസ്റ്റൽ സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ മാതാവ് വിധവയാണെന്നും പുനർവിവാഹം നടന്നിട്ടില്ലായെന്നുമുള്ള രേഖ (വില്ലേജ് ഓഫീസർ നൽകുന്നത്), അപേക്ഷകയുടെ ബാങ്ക് പാസ് ബുക്ക് കോപ്പി, മുൻവർഷം ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഫീസടച്ച രസീതുകളുടെ പകർപ്പും ധനസഹായ തുക ഫീസ് തുകയെക്കാൾ കൂടുതലില്ല എന്ന സാക്ഷ്യപത്രവും.

    ശിശു വികസന ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന, ആവശ്യമായ രേഖകളുള്ള അപേക്ഷകൾ വ്യക്തമായ ശുപാർശയോടെ ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് കൈമാറും. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയുടെ അംഗീകാരത്താടെ വനിത ശിശുവികസന ഡയറക്ടർക്ക് സമർപ്പിക്കണം. www.schemes.wcd.kerala.gov.in ൽ കൂടുതൽ വിവരങ്ങൾ അറിയാം


    No comments

    Post Top Ad

    Post Bottom Ad