കാഞ്ഞങ്ങാട്:
കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വർഷം തടവ്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുർഗ് അതിവേഗ കോടതി ശിക്ഷിച്ചത്.
2017-ലാണ് സംഭവം. 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവർഷം, പോക്സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവർഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതി. 20,000 രൂപ പിഴയടയ്ക്കണം.
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവനുഭവിക്കണമെന്നും ഹൊസ്ദുർഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറിന്റെ വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബിന്ദു ഹാജരായി