ഇങ്ങനെ വേണം പെൺകുട്ടികളായാൽ, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായർ
Type Here to Get Search Results !

ഇങ്ങനെ വേണം പെൺകുട്ടികളായാൽ, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായർ

 


കരിവെള്ളൂര്‍: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച ആരതിയെ അഭിനന്ദിച്ച് നടി നവ്യ നായർ. ആരതി മറ്റൊരുത്തീ, ഒരു’ത്തീ’ ആണെന്ന് നവ്യ ഫേസ്‌ബുക്കിൽ കുറിച്ചു. ആരതിയെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ പ്രതികരണം. കാഞ്ഞങ്ങാട് ടൗണിൽ വെച്ച് സ്വകാര്യ ബസ് സമരം നടത്തിയപ്പോഴായിരുന്നു സംഭവം. ആരതിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. മഞ്ജു വാര്യർ നായികയായ ‘പ്രതി പൂവൻ കോഴി’ എന്ന സിനിമയുമായി ആരതിയുടെ ‘പ്രതികാര’ത്തിന് സാമ്യമുണ്ടെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു.


കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് കഥയിലെ നായിക. ബസിൽ വെച്ച് ഉപദ്രവിച്ചയാളെ മറ്റൊന്നും ചിന്തിക്കാതെ, ആരതി ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാടിനുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിക്ക് സഹയാത്രികനിൽ നിന്നും ദുരനുഭവം ഉണ്ടായത്.


സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു സംഭവം. കാഞ്ഞങ്ങാടിനുള്ള കെ.എസ്.ആർ.ടി.സി ബസിൽ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന രാജീവ് നീലേശ്വരത്ത് വെച്ച് ആരതിയെ ശല്യം ചെയ്യാൻ തുടങ്ങി. ലുങ്കിയും ഷർട്ടും ആയിരുന്നു വേഷം. മുട്ടിയുരുമ്മി നിന്നപ്പോൾ, ആരതി ഇയാളോട് മാറി നിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ മാറി നിന്നില്ല. യുവതി പറഞ്ഞത് കാര്യമാക്കാതെ വീണ്ടും ഉപദ്രവം തുടർന്നു. ബസിലുണ്ടായിരുന്ന മറ്റാരും ഇടപെട്ടുമില്ല.

 

ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട് എത്തിയിരുന്നു. ആരതി പോലീസിനെ വിളിക്കാനുള്ള ശ്രമമാണെന്ന് കണ്ടതും ഇയാൾ ഇറങ്ങിയോടി. ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം ആരതി രാജീവന്റെ പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ ഓട്ടത്തിനിടയിൽ അയാളുടെ ഒരു ഫോട്ടോയുമെടുത്തു. ഒടുവില്‍, അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിന്നാലെയെത്തി സമീപത്തെ കടക്കാരോട് കാര്യം പറഞ്ഞു. ഇവരുടെ സഹായത്തോടെ ആരതി ഇയാളെ പിടികൂടി. പിങ്ക് പോലീസിനെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad