Header Ads

  • Breaking News

    ചെറുപുഴ ഹില്‍വ്യൂ & ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം നാളെ മാര്‍ച്ച് 25 വെള്ളിയാഴ്ച്ച പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

    ചെറുപുഴ: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയെ അടയാളപ്പെടുത്താന്‍ പോകുന്ന ഹില്‍വ്യൂ & ഇക്കോ ടൂറിസം കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 25ന് വെള്ളിയാഴ്ച്ച വെെകുന്നേരം 3 മണിക്ക് ചെറുപുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ടി.ഐ മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷനാകും. 

    സൊസൈറ്റിയുടെ വെബ്സെെറ്റിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല നിര്‍വഹിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.മുന്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ നിക്ഷേപം ഏറ്റുവാങ്ങും. 'പശ്ചിമഘട്ടത്തിലേക്ക് വരൂ..' എന്ന ടാഗ് ലൈനോട് കൂടിയാണ് ' സ്‌നോ ഫോറസ്റ്റ് ' എന്ന ടൂറിസം പദ്ധതി സൊസൈറ്റി അവതരിപ്പിച്ചിരിക്കുന്നത്.

    2019ല്‍ ചെറുപുഴയില്‍ സ്ഥാപിതമായ ഹില്‍വ്യൂ & ഇക്കോ ടൂറിസം സൊസൈറ്റി ചെറുപുഴ, പെരിങ്ങോം- വയക്കര, കാങ്കോല്‍- ആലപ്പടമ്പ, എരമം- കുറ്റൂര്‍ എന്നീ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ടൂറിസത്തോടൊപ്പം കാര്‍ഷിക മേഖലയെയും കൂട്ടിയിണക്കിയുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. പാര്‍ക്കുകള്‍, ഹോംസ്റ്റേകള്‍, ട്രെക്കിംഗ്, റിവര്‍ വാട്ടര്‍ റാഫ്റ്റിങ്, ഫാമുകള്‍, അഡ്വവഞ്ചര്‍ ടൂറിസം തുടങ്ങിയവ ഉണ്ടാവും.

    ചെറുപുഴ പഞ്ചായത്തിലുള്‍പ്പെട്ട കൊട്ടത്തലച്ചിമല, ജോസ്ഗിരി തിരുനെറ്റിക്കല്ല്, ഉദയഗിരി പഞ്ചായത്തിലെ താബോര്‍ കുരിശുമല, വാട്ടര്‍ റാഫ്റ്റിങ് സൗകര്യമുള്ള കാര്യങ്കോട്, രയരോം പുഴകള്‍, സ്വകാര്യ സംരംഭകരുടെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കുന്ന കൃഷിയിടങ്ങള്‍, നാടന്‍ മലയോര വിഭവങ്ങള്‍, ആയുര്‍വേദം - കളരി - മര്‍മ്മം തുടങ്ങിയ പരമ്പരാഗത ആരോഗ്യ പരിപാലന ശീലങ്ങള്‍, ഗോത്ര വിഭാഗങ്ങളുടെ കലകളും അവരുടെ കരകൗശല ഉത്പന്നങ്ങളും തുടങ്ങി പ്രകൃതിയോടിണങ്ങിയ വൈവിധ്യങ്ങള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ടൂറിസം സൊസൈറ്റിയുടെ ലക്ഷ്യം.

    No comments

    Post Top Ad

    Post Bottom Ad