Header Ads

  • Breaking News

    പുതിയ വെളിപ്പെടുത്തലുകൾ; സ്വപ്ന സുരേഷിൻ്റെ മൊഴി ഇഡി നാളെ വീണ്ടും രേഖപ്പെടുത്തും

     


    സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷിന്റെ മൊഴി നാളെ വീണ്ടും ഇഡി രേഖപ്പെടുത്തും. കസ്റ്റഡിയിലായിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദമുണ്ടായി എന്ന തരത്തിൽ പുറത്ത് വന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം ശിവശങ്കറായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ. എറണാകുളത്തെ ഇഡി ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥ തയ്യാറാക്കിയതാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ആയിരുന്നു ഫോൺ സംഭാഷണം പുറത്തു വിട്ടത്.


    ശബ്ദരേഖ തയ്യാറാക്കിയതിന് പിന്നില്‍ ആരൊക്കെയെന്ന് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിയുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. മുഖ്യമന്ത്രിക്ക് എന്തറിയാം എന്തറിയില്ല എന്ന് പറഞ്ഞുതരാന്‍ തന്നേക്കാള്‍ കഴിയുക ശിവശങ്കറിനാണെന്നും സ്വപ്‌ന പറഞ്ഞിരുന്നു. എം ശിവശങ്കറിന്റെ ആത്മകഥയിലെ ആരോപണങ്ങളും സ്വപ്‌ന സുരേഷ് തള്ളി. ഐ ഫോണ്‍ കൊടുത്ത് ഒരു ഐഎഎസ് ഓഫീസറെ ചതിക്കാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്ന് സ്വപ്‌ന ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. തന്നെ എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ചും ശിവശങ്കര്‍ എഴുതണമായിരുന്നു എന്നും സ്വപ്ന തുറന്നടിച്ചു. തന്റെ ഒരു ദിനം തുടങ്ങി അവസാനിച്ചിരുന്നത് ശിവശങ്കറിലൂടെയായിരുന്നു. അങ്ങനൊരാളെ ഫോണ്‍ നല്‍കി ചതിക്കേണ്ട ആവശ്യമില്ല. ലോക്കറിലുണ്ടായത് ലൈഫ് മിഷനിലൂടെ കിട്ടിയ പണമാണെന്നും അത് ആരുടേതെന്ന് ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന പറഞ്ഞു.


    താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്ന പറഞ്ഞു. ഇപ്പോള്‍ തനിക്ക് ഒരു ജോലി പോലുമില്ല. ശിവശങ്കര്‍ എല്ലാ കഴിഞ്ഞ അധികാരത്തില്‍ തന്നെ തിരികെ എത്തി. തന്റെ ജീവിതം നശിച്ചു, ഇനി ഒന്നും നോക്കാനില്ല. പുസ്തകത്തിലെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ നിന്നിറങ്ങിയ സ്വപ്ന തുറന്നു പറച്ചിലിന് തയാറെന്ന് പറഞ്ഞെങ്കിലും ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നില്ല. ഈ സമയത്താണ് എം ശിവശങ്കറിന്റെ പുസ്തകം വന്നത്. ഇതിന് പിന്നാലെയാണ് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചത്.


    No comments

    Post Top Ad

    Post Bottom Ad