Header Ads

  • Breaking News

    ഹോണ്‍ മുഴങ്ങാത്ത നഗരമായി കണ്ണൂരും; രണ്ടര കിലോമീറ്റര്‍ ഹോണ്‍നിരോധിത മേഖലയാകും


    കണ്ണൂരിനെ ഹോണടി കേൾപ്പിക്കാത്ത നഗരമാക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. പഴയ ബസ് സ്റ്റാൻഡ് മുതൽ മഹാത്മാ മന്ദിരം വരെയുള്ള ഭാഗം ഹോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. പുതുവർഷദിനത്തിൽ ജവാഹർ സ്റ്റേഡിയം പരിസരത്ത് രാവിലെ 10-ന് മേയർ അഡ്വ. ടി.ഒ.മോഹനനാണ് പ്രഖ്യാപനം നടത്തിയത്. 'മാതൃഭൂമി'യും ക്ലബ്ബ് എഫ്.എമ്മും ചേർന്ന് നടത്തിയ ഹോൺരഹിത കണ്ണൂർ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കളക്ടർ എസ്.ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പദ്മനാഭൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂരജ്, ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, 'മാതൃഭൂമി' ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ, 'മാതൃഭൂമി' കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് പി.ദേവേഷ്, റേഡിയോ സൊലൂഷൻസ് മാനേജർ മനീഷ്കുമാർ, ആർ.ജെ. വിൻസി, ക്ലബ്ബ് എഫ്.എം. ടീം എന്നിവർ സംസാരിച്ചു.

    ഇനി ഗാന്ധി സർക്കിൾ മുതൽ പഴയ ബസ്സ്റ്റാൻഡ് വരെ

    നഗരത്തിലെ രണ്ടര കിലോമീറ്ററിൽ ഹോണില്ലാത്ത പാതയാണ് നമ്മുടെ ലക്ഷ്യം. കണ്ണൂർ ഗാന്ധി സർക്കിൾ മുതൽ നഗരകേന്ദ്രം ചുറ്റി കളക്ടറേറ്റ് വരെ ഹോൺനിരോധിത മേഖലയാക്കണം. ഇതിൽ പഴയ ബസ്സ്റ്റാൻഡ് മുതൽ കോടതി, സ്കൂൾ, കോർപ്പറേഷൻ ഓഫീസ്, മഹാത്മാ മന്ദിരം വരെ ഹോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇനി ഗാന്ധി സർക്കിൾ മുതൽ കളക്ടറേറ്റിന് മുന്നിലൂടെ പഴയ ബസ്സ്റ്റാൻഡ് വരെ ഹോൺരഹിത മേഖലയാക്കണം.

    ഇത് ഡിവൈഡറോടുകൂടിയ രണ്ടുവരി പാതയായതിനാൽ ഹോൺ മുഴക്കി പോകേണ്ട ആവശ്യമില്ല. എന്നാൽ ഇതുവഴി വേഗത്തിൽ ഓടുന്ന ബസുകളടക്കം മറ്റ് വാഹനങ്ങളെ മറികടക്കാൻ നിർത്താതെ ഹോൺ മുഴക്കുന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കുകയും കാൽനടയാത്രക്കാർക്ക് റോഡ് മറികടക്കാൻ സീബ്രാ ലൈനൊരുക്കുകയും പാർക്കിങ് സൗകര്യം സജ്ജമാക്കുകയും വേണം.

    ഹോൺ മുഴക്കൽ നിയന്ത്രിച്ചേ പറ്റൂ

    ബസുകളുടെ അമിതവേഗവും ഹോണടിയും നിയന്ത്രിക്കണം. ചെറുവാഹനങ്ങൾക്ക് പിറകിൽ പെട്ടെന്ന് വന്ന് ഹോണടിക്കുന്നത് ഭയപ്പെടുത്തും. ഗാന്ധി സർക്കിൾ മുതൽ മുതൽ കളക്ടറേറ്റ് തൊട്ട് പഴയ ബസ്സ്റ്റാൻഡ് വരെ ഹോൺ നിരോധിത മേഖലയാക്കാം. ഹോൺ മുഴക്കൽ ഒഴിവാക്കേണ്ട സ്ഥലത്തും വെറുതെ ഹോണടിച്ചുപോകുന്നത് ശരിയായ ഏർപ്പാടല്ല.

    കെ.സുധാകരൻ എം.പി.

    ആവശ്യം ഏറ്റവും ഉചിതം

    തിരക്കേറിയ നഗരത്തിൽ വാഹനങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന 'മാതൃഭൂമി'യുടെ നിർദേശം ഏറ്റവും ഉചിതമായ ആവശ്യമാണ്. ഗാന്ധി സർക്കിൾ മുതൽ കളക്ടറേറ്റ് ചുറ്റി ട്രാഫിക് സിഗ്നൽ വരെയുള്ള പ്രദേശത്ത് ഹോണടിക്കാൻ പാടില്ലെന്ന് പ്രഖ്യാപിക്കണം.

    രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.

    കൂടുതൽ സ്ഥലംവരുന്നത് നല്ലത്

    നിലവിൽ ഹോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചിടത്ത് എന്താണ് പ്രതികരണമെന്ന് മനസ്സിലാക്കണം. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഹോൺ രഹിതമാക്കുന്നത് നന്നാവും.

    പി.പി.ദിവ്യ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

    No comments

    Post Top Ad

    Post Bottom Ad