Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ കെ റെയില്‍ 22 വില്ലേജുകളിലൂടെ..

    ജില്ലയില്‍ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാത (കെ റെയില്‍) കടന്നുപോകുന്നത്‌ 22 വില്ലേജുകളിലൂടെ.

    196 ഹെക്ടര്‍ സ്ഥലമാണ്‌ ജില്ലയില്‍ കെ റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യല്‍ തഹസില്‍ദാറുടെ ഓഫീസിന്‌ കണ്ണൂര്‍ നഗരത്തില്‍ കെട്ടിടം കണ്ടെത്തി. പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ ആദ്യഘട്ടത്തില്‍ ആറ്‌ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്‌.

    ന്യൂമാഹി മുതല്‍ പയ്യന്നൂര്‍ വരെ 63 കിലോമീറ്ററിലാണ്‌ ജില്ലയില്‍ കെ റെയില്‍ കടന്നുപോകുന്നത്‌. കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ ഒന്ന്‌, കണ്ണൂര്‍ രണ്ട്‌, എളയാവൂര്‍, ചെറുകുന്ന്‌, ചിറക്കല്‍, എടക്കാട്‌, കടമ്ബൂര്‍, കണ്ണപുരം, മുഴപ്പിലങ്ങാട്‌, പള്ളിക്കുന്ന്‌, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂര്‍ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, തലശേരി താലൂക്കിലെ ധര്‍മടം, കോടിയേരി, തലശേരി, തിരുവങ്ങാട്‌, ന്യൂമാഹി വില്ലേജുകളിലൂടെയാണ്‌ കെ റെയില്‍.


    നാലു വില്ലേജുകളില്‍ അലൈന്‍മെന്റില്‍ കല്ലിടല്‍ പൂര്‍ത്തിയായതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി കെ പ്രഭാകരന്‍ പറഞ്ഞു. ഈ ഭൂമിയിലൂടെയാകും ലൈന്‍ പോകുന്നുവെന്നതിന്റെ അറിയിപ്പാണിത്‌. സ്വകാര്യ കമ്ബനികളെയാണ്‌ കല്ലിടുന്നതിന്‌ ചുമതലപ്പെടുത്തിയത്‌. ജില്ലയില്‍ 2800 കല്ലുകളാണ്‌ സ്ഥാപിക്കേണ്ടത്‌.


    സംസ്ഥാനത്താകെ 1,221 ഹെക്ടറാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുക. വയനാട്‌, പാലക്കാട്‌, ഇടുക്കി ജില്ലകള്‍ ഒഴിച്ചുള്ള 11 ജില്ലകളിലൂടെയാണ്‌ കെ റെയില്‍. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായ പദ്ധതിക്ക്‌ 63,941 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ഹെക്ടറിന്‌ 9.6 കോടി രൂപയാണ്‌ നഷ്‌ടപരിഹാരം നല്‍കുന്നത്‌. സംസ്ഥാനത്തെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ തുകയാണിത്‌. ഭൂവുടമകള്‍ക്ക്‌ ആശങ്കയ്‌ക്ക്‌ ഇടയില്ലാത്ത വിധമാകും ഭൂമി ഏറ്റെടുക്കുക.

    പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ ഡവലപ്‌മെന്റാണ്‌ നടത്തിയത്‌. സിആര്‍സെഡ്‌ സോണുകളെയും കണ്ടല്‍ക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്‌റ്റല്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്‌.


    നിലവിലുള്ള റെയില്‍ പാതയ്‌ക്ക്‌ സമാന്തരമായാണ്‌ ഭൂരിഭാഗം ദൂരവും കെ റെയില്‍ വരുന്നത്‌. വലിയ വളവുകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ്‌ നിലവിലുള്ള പാത വിട്ട്‌ സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി എല്ലാ ആഴ്‌ചയും വിലയിരുത്തുന്നുണ്ട്‌.

    No comments

    Post Top Ad

    Post Bottom Ad