Header Ads

  • Breaking News

    കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല



     ആലപ്പുഴ: 

    കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് ആർ ജെ ഫെമിന പറയുന്നു. എത്ര നിസ്സാരം എന്ന് പറഞ്ഞു എഴുതി തള്ളിയാലും എല്ലാ മനുഷ്യശരീരങ്ങളിലും ഒരുപോലെയല്ല കൊവിഡ് 19 എന്ന വൈറസ് ബാധിക്കുന്നത്. അസുഖം വന്നു പോയാലും തുടരെത്തുടരെയുള്ള ചെക്കപ്പുകളിലൂടെ ആരോഗ്യനില അറിഞ്ഞുകൊണ്ടേ ഇരിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.


    കുറിപ്പിന്റെ പൂർണ്ണരൂപം:

    ഒപ്പമുണ്ടായിരുന്ന ഒരാൾ പെട്ടന്ന് ശൂന്യതകളിലേക്ക് നടന്നു പോയിരിക്കുന്നു. ഇനി എന്തുചെയ്യണമെന്നറിയാതെ ഒരു കുട്ടിയെ പോലെ ജീവിതത്തിന്റെ തുടക്കത്തിൽ ഞാൻ നിൽക്കുന്നു. കോവിഡ് എന്ന രോഗം എത്ര ഭയാനകമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. എല്ലാം കടന്നു പോകും എന്ന് ആശിച്ചിരുന്ന നിമിഷങ്ങളിലേക്ക് ഇടിത്തീ പോലെ വന്നു വീണ ആ മരണവാർത്ത ഇതുവരെയുണ്ടായിരുന്ന എല്ലാം ധാരണകളെയും തെറ്റിച്ചിരിക്കുന്നു. നിങ്ങളാരും കരുതുന്നതുപോലെ ഇതൊരു ചെറിയ രോഗമല്ല, രോഗം വന്നവരെക്കാൾ സൂക്ഷിക്കേണ്ടത് രോഗം വന്നു പോയവരാണ്. ആ സൂക്ഷ്മത ഞങ്ങൾക്ക് ഇല്ലാതെ പോയത് കൊണ്ടാണ് ആ മരണം സംഭവിച്ചത്. എത്ര നിസ്സാരം എന്നു പറഞ്ഞു എഴുതി തള്ളിയാലും എല്ലാ മനുഷ്യശരീരങ്ങളും ഒരുപോലെയല്ല കൊവിഡ് 19 എന്ന വൈറസ് ബാധിക്കുന്നത്. അസുഖം വന്നു പോയാലും തുടരെത്തുടരെയുള്ള ചെക്കപ്പുകളിലൂടെ നിങ്ങൾ നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ ആരോഗ്യനില അറിഞ്ഞുകൊണ്ടേ ഇരിക്കണം. ഇനിയും ആരും എന്നെ പോലെ, എനിക്ക് ചുറ്റുമുള്ള മനുഷ്യരെപ്പോലെ പറ്റിപ്പോയ ഒരു തെറ്റിനെ ഓർത്ത് സഹതപിക്കാൻ ഇടവരരുത്.

    ഒരു മനുഷ്യന്റെ വിയോഗം ചുറ്റുമുള്ള മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രകമ്പനങ്ങൾ എത്രത്തോളം ഭീകരമാണെന്ന് ഞാനറിഞ്ഞു വരികയാണ്. അയാൾ ഇല്ലാത്ത ശൂന്യതകളിലൂടെ എങ്ങിനെ നടക്കണം എന്നറിയാത്ത ആശങ്കയിലാണ് ഞാനിപ്പോൾ. ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ എങ്കിലും ഒരു മനുഷ്യനായി അയാൾ ബാക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. സൂക്ഷിക്കണമെന്ന വീണ്ടുവിചാരം മുൻപേ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആ ആഗ്രഹമെങ്കിലും നിലനിൽക്കുമായിരുന്നു.

    നിസ്സാരമെന്ന് എഴുതിത്തള്ളാൻ എളുപ്പമാണ്, പക്ഷേ ഒരു മനുഷ്യന്റെ വിയോഗം സ്വീകരിക്കാൻ ആ എളുപ്പം ഉണ്ടായിരിക്കണമെന്നില്ല. ഒരാൾ മരിച്ചാൽ അയാളുമായി ബന്ധപ്പെട്ട ഓരോന്നിനും ചുറ്റുമുള്ളവരെ നിരന്തരമായി വേട്ടയാടാനുള്ള പ്രത്യേകമായൊരു കഴിവുണ്ട്. കോവിഡ് ബാധിച്ചു കഴിഞ്ഞവർ കുറഞ്ഞത് ആറു മാസത്തേക്ക് എങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് കൊണ്ടേയിരിക്കുക, അശ്രദ്ധ കൊണ്ട് ഒരിക്കലും ആർക്കും മരണം സംഭവിക്കരുത്. എന്നെപ്പോലെ ആരും ഇനി നഷ്ടബോധങ്ങളെക്കുറിച്ച് സംസാരിക്കരുത്. അതെ മരണം രംഗബോധമില്ലാത്ത ഒരു കോമാളി തന്നെയായിരിക്കാം എങ്കിലും ആ കോമാളിയെ കഴിവതും അകറ്റി നിർത്താൻ നമ്മൾ മനുഷ്യരെക്കൊണ്ട് ആവുന്നത് ചെയ്യണം. മരണം വല്ലാത്ത ഒരു വേദനയാണ്, വിങ്ങലാണ്, ഒപ്പമുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതെയാകുമ്പോൾ അസ്തമിച്ചു പോകുന്ന പ്രകാശങ്ങളിൽ മാത്രമാണ് നമ്മുടെ ജീവിതം നിലനിൽക്കുന്നത്. സുരക്ഷിതരായി ഇരിക്കുക, ഒപ്പമുള്ളവരെയും സുരക്ഷിതരാക്കുക.

    No comments

    Post Top Ad

    Post Bottom Ad