Header Ads

  • Breaking News

    കല്ലാച്ചേരിക്കടവ്, തുരുത്തി മുക്ക് പാലങ്ങള്‍: സ്ഥലമുടമകളുടെ യോഗം വിളിക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

    കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലാച്ചേരിക്കടവ്, തുരുത്തി മുക്ക് പാലങ്ങളുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് സ്ഥലം എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി സ്ഥലമുടമകളുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണീ തീരുമാനം. കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന്‍, നാദാപുരം എംഎല്‍എ ഇ കെ വിജയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനന്തമായി നീളാന്‍ പാടില്ലെന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനമെന്നും പ്രശ്‌നമുള്ളയിടങ്ങളില്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു യോഗം വിളിച്ച് ചേര്‍ത്തതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ സ്ഥലമുടമകളുടെ യോഗം സപ്തംബര്‍ 18 നുള്ളിലും കോഴിക്കോട് ജില്ലയിലെ സ്ഥലമുടമകളുടെ യോഗം സപ്തംബര്‍ 20നുള്ളിലുമാണ് വിളിച്ച് ചേര്‍ക്കുക. ഇരു പാലങ്ങളുടെയും നിര്‍മ്മാണം സംബന്ധിച്ച് ഇത് വരെയുള്ള സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. കല്ലാച്ചേരിക്കടവ് പാലത്തിന്റെ തൃപ്പങ്ങോട്ടൂര്‍ ഭാഗത്തെ ഭൂമിയുടെ ബി വി ആര്‍ സംബന്ധിച്ച് സംപ്തംബര്‍ 18 നുള്ളില്‍ തീരുമാനമെടുക്കുമെന്ന് ലാന്റ് അക്വസിഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. സപ്തംബര്‍ 29 ന് സര്‍വ്വെ തുടങ്ങും. സ്ഥലമെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗ തീരുമാനങ്ങള്‍ ഇരു ജില്ലകളിലേയും കലക്ടര്‍മാരെയും കെ ആര്‍ എഫ് ബി യുടെ ചുമതലയുള്ള സാംബശിവറാവുവിനെയും അറിയിക്കും. എംഎല്‍എമാര്‍ക്ക് പുറമെ കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല, കണ്ണൂര്‍ ലാന്റ് അക്വസിഷന്‍ സെപ്യൂട്ടി കലക്ടര്‍ പി ഷാജു, തഹസില്‍ദാര്‍മാരായ കെ രാജന്‍, ഷേര്‍ലി, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ബിന്ദു, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ പി സജിത്, പ്രജിത് കുമാര്‍, അസി.എഞ്ചിനിയര്‍മാരായ ടി കെ റോജി, അബ്ദുള്‍ ഫുക്കറലി മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad