Header Ads

  • Breaking News

    സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസലർ

     


    കണ്ണൂർ

    സർവകലാശാലയുടെ വിവാദ സിലബസ് പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. മൂന്നാം സെമസ്റ്റർ പിജി കോഴ്സിന്റെ പുതുക്കിയ സിലബസ് ആണ് വിവാദമായിരിക്കുന്നത്.

    സവർകറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റ​ഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ അജണ്ഡ നിശ്ചയിച്ചുകൊണ്ടാണ് സിലബസ് തയാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്‌സിന്റെ സിലബസിലാണ് ഇവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

    പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് മൂലം കണ്ണൂർ സർവകലാശാല സിലബസ് ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. കെഎസ്‌യുവും എംഎസ്എഫും ഇന്നലെ സർവകലാശാലയിലേക്കു മാർച്ച് നടത്തി. സിലബസ് പരിഷ്കരണത്തിലൂടെ ഗോൾവാൾക്കറിന്റെയും ദീൻ ദയാൽ ഉപാധ്യായയുടെയും സവർക്കറിന്റെയും ചിന്തകൾക്കു പ്രാധാന്യം നൽകുകയും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആശയങ്ങൾ നിസ്സാരവൽക്കരിക്കുകയും ചെയ്തതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും കെഎസ്‌യു ബ്രണ്ണൻ കോളജ് യൂണിറ്റുമാണ് ചൊവ്വാഴ്ച ആദ്യമായി രംഗത്തെത്തിയത്.

    പിറ്റേന്നു നടന്ന സെനറ്റ് യോഗത്തിൽ, ഇതു സംബന്ധിച്ചു യുഡിഎഫ് അംഗം ഡോ. ആർ.കെ. ബിജു കൊണ്ടുവന്ന അടിയന്തര പ്രമേയം അടുത്ത യോഗത്തിലേക്കു മാറ്റി. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസുകളിൽ ഹിന്ദു ദേശീയവാദികളുടെ ജീവചരിത്രം പഠിപ്പിക്കാനുള്ള നടപടികളിൽ നിന്നു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും പിന്തിരിയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അംഗം പ്രമോദ് വെള്ളച്ചാൽ അവതരിപ്പിച്ച പ്രമേയം സെനറ്റ് യോഗം അംഗീകരിച്ചിട്ടുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad