Header Ads

  • Breaking News

    മുഖം മൂടി അണിഞ്ഞ് സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാക്കള്‍ പിടിയില്‍

    കണ്ണൂര്‍:
    മുഖം മൂടി അണിഞ്ഞ് സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാക്കള്‍ പിടിയില്‍. പയ്യന്നൂര്‍ ഗേള്‍സ് സ്‌കൂളിന് മുന്‍ വശത്തെ ബാര്‍ബര്‍ ഷോപ്പിലെ ബ്യൂട്ടീഷ്യന്‍ തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ശ്രീ നിലയത്തില്‍ രാമചന്ദ്രന്‍ (29), അന്നൂര്‍ കിഴക്കേ കൊവ്വലിലെ പുതിയ പുരയില്‍ ലിജേഷ് (30) എന്നിവരെയാണ് ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. പയ്യന്നൂര്‍ എസ്ഐ വി യദുകൃഷ്ണന്‍, എഎസ്ഐ നികേഷ് എന്നിവരും പ്രതികളെ പിടികൂടാന്‍ സഹായിച്ചിരുന്നു. കഴിഞ്ഞ 17 ന് ഉച്ചക്കാണ് രാമചന്ദ്രനും വിജീഷും ശ്രീകണ്ഠാപുരത്ത് നിന്നും വയോധികയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്തത്.
    സ്‌കൂട്ടറില്‍ എത്തിയ ഇരുവരും മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ശ്രീകണ്ഠാപുരം കോട്ടൂരിലെ കൂടത്തില്‍ ഹൗസില്‍ മാധവി അമ്മ (82) യുടെ കഴുത്തിലണിഞ്ഞ രണ്ടു പവന്റെ മാലയാണ് ഇവര്‍ കൈക്കലാക്കി രക്ഷപ്പെട്ടത്. നിരവധി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശ്രീകണ്ഠപുരം പ്രിന്‍സിപ്പല്‍ എസ്ഐ സുബീഷ് മോന്‍, എസ്ഐ ഏവി ചന്ദ്രന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.
    തുടര്‍ന്ന് ശ്രീകണ്ഠപുരം പോലീസ് പയ്യന്നൂര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് അന്നൂരിലെ പി പി ലിജേഷിനെ അറസ്റ്റു ചെയ്തു. ഇതിനിടെ മോഷണ സംഘം ഇക്കഴിഞ്ഞ 23 ന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഴശിയില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ദേവകി (25) യുടെ കഴുത്തില്‍ നിന്നും ഒന്നേകാല്‍ പവന്റെ മാല കവര്‍ന്ന് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. ഈ കേസില്‍ ബാര്‍ബറായ രാമചന്ദ്രനെ മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണനും അറസ്റ്റു ചെയ്തു. ചൊക്ലി സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ മാലമോഷണ കേസ് നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തൊണ്ടിമുതല്‍ പയ്യന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
    പ്രതികളെ പിടികൂടാന്‍ പരിശോധിച്ചത് 100 ഓളം സിസിടിവികള്‍, സഞ്ചരിച്ചത് 150 കിലോമീറ്റര്‍
    ശ്രീകണ്ഠാപുരത്ത് നിന്നും മട്ടന്നൂരില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ പൊലീസ് പരിശോധിച്ചത് 100 ഓളം സിസിടിവികള്‍ ശിവപുരം, മട്ടന്നൂര്‍, പഴശ്ശി, കൂത്തുപറമ്പ്, മമ്പറം, കടമ്പൂര്‍, എടക്കാട്, ചാല, ചൊവ്വ, കണ്ണൂര്‍ എകെജി, പുതിയതെരു, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, പഴയങ്ങാടി, മുട്ടം, കൊവ്വപുറം, കുഞ്ഞിമംഗലം, എടാട്ട്, പെരുമ്പ, അന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സിസിടിവികളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
    സിസിടിവി പരിശോധിച്ചപ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരാണ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടതെന്ന് വ്യക്തമായി. എന്നാല്‍ രണ്ടു പേരും ഹെല്‍മെറ്റും മാസ്‌കും ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ പൊലീസും ബുദ്ധിമുട്ടി. ഇവര്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പറും വ്യാജമായിരുന്നു. പൊലീസ് വിടാതെ പ്രതികളെ പിന്തുടര്‍ന്നതിനാലാണ് പ്രതികള്‍ പിടിയിലായത്. പ്രിതികളെ പിടികൂടാനായി 150 കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്

    No comments

    Post Top Ad

    Post Bottom Ad