Header Ads

  • Breaking News

    ഇ.എം.എസിന്റെ ആണഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരിയാണ് എന്റെ ഹീറോ; മുസ്‌ലിം ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്



     കോഴിക്കോട്: 

    മുസ്‌ലിം ലീഗ്-ഹരിത വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരിയാണ് തന്റെ ഹീറോയെന്നാണ് തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

    സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്‌ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.

    ഇതിന്റെ പശ്ചാത്തലത്തിലാണ് തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്‌റ്റെന്നതും ശ്രദ്ധേയമാണ്.

    അതേസമയം ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

    ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.


    ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad