Header Ads

  • Breaking News

    അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിംഗ് ഉടന്‍ പുനരാരംഭിക്കും

    അഴീക്കല്‍ തുറമുഖത്ത് വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അടിയന്തരമായി ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ തീരുമാനം. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലിന്റെ ആഴം ഏഴ് മീറ്ററായി വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ അഴീക്കല്‍ തുറമുഖത്തുള്ള കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ (സിഎസ്ഡി) ചന്ദ്രഗിരി ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ് നടത്തുക. ഡ്രഡ്ജിംഗിലൂടെ ലഭിക്കുന്ന മണല്‍ നിക്ഷേപിക്കുന്നതിന് തുറമുഖത്ത് സൗകര്യമൊരുക്കും. അത് വേഗത്തില്‍ തന്നെ ടെണ്ടര്‍ വിളിച്ച് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. നിലവില്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്ന മണല്‍ ടെണ്ടര്‍ വിളിച്ച് വില്‍പ്പന നടത്തും.
    തുറമുഖത്ത് ഇമിഗ്രേഷന്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫീസുകള്‍, വെയര്‍ ഹൗസ്, കണ്ടെയിനര്‍ സ്റ്റാക്കിംഗ് യാര്‍ഡ് എന്നിവ വേഗത്തില്‍ തന്നെ ഒരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. തുറമുഖ വികസനത്തിന് ആവശ്യമായ ഭൂമി എത്രയും വേഗം ഏറ്റെടുക്കും.
    അതോടൊപ്പം കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള സ്ഥിരം ടഗ്ഗ് എത്രയും വേഗം അഴീക്കലിലെത്തിക്കാനും നടപടി സ്വീകരിക്കും. അഴീക്കലിനെ റീജ്യണല്‍ പോര്‍ട്ട് ഓഫീസ് ആക്കി മാറ്റി നിലവിലെ പോര്‍ട്ട് ഓഫീസര്‍ ഇന്‍ചാര്‍ജിനെ റീജ്യണല്‍ പോര്‍ട്ട് ഓഫീസറായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. അടിയന്തര ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് പോര്‍ട്ട് ഓഫീസര്‍ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു, സിഇഒ എച്ച് ദിനേശന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം കെ ഉത്തമന്‍, അഡ്വ. എന്‍ പി ഷിബു എന്നിവരും സംബന്ധിച്ചു.

    No comments

    Post Top Ad

    Post Bottom Ad