• Breaking News

  10, 12 ക്ലാസ്സുകള്‍ ഇന്നുമുതല്‍;കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദേശം; വിദ്യാർഥികൾ അറിയേണ്ടത്

   


  ഒരു സമയം 50 ശതമാനം കുട്ടികള്‍ മാത്രമേ സ്‌കൂളിലെത്താവൂ..കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷമായി അടഞ്ഞുകിടന്ന ശേഷം സ്‌കൂളുകളിലെ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കമാവും. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായതായി എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

  എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഠിച്ച പാഠഭാഗങ്ങളിലെ സംശയനിവാരണം, ലാബ് പ്രവര്‍ത്തനങ്ങള്‍, പ്രായോഗിക പരീക്ഷകള്‍, പാഠഭാഗങ്ങളുടെ റിവിഷന്‍, മാതൃകാ പരീക്ഷകള്‍ എന്നിവയ്ക്കായാണ് ക്ലാസ്സ് സമയം വിനിയോഗിക്കുക. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പതിവു രീതിയില്‍ തുടരും.

  ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികള്‍ മാത്രം സ്‌കൂളുകളിലെത്തുന്ന രീതിയില്‍ മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള സ്ഥലങ്ങളില്‍ ലഭ്യമായ ക്ലാസ് മുറികള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ച് ഒരു സമയം സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും. എന്തെങ്കിലും കാരണത്താല്‍ സ്‌കൂളിലെത്താനാവാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി പരിഹാരം കാണും.
  അതേസമയം, ക്ലാസ്സുകളിലും പുറത്തും കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും സ്‌കൂള്‍ അധികൃതകര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനം, സാനിറ്റൈസര്‍ എന്നിവ ഏര്‍പ്പെടുത്തണം. കുട്ടികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും പരസ്പരം കൂടിച്ചേരാനുള്ള അവസരങ്ങള്‍ ഒഴിവാക്കി വേണം സമയം ക്രമീകരിക്കാന്‍.

  കുട്ടികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരിലെ കൊവിഡ് രോഗബാധിതര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കു ശേഷം മാത്രമേ സ്‌കൂളുകളില്‍ ഹാജരാകാവൂ. കൊവിഡ് പോസിറ്റീവ് രോഗികളുടെ വീടുകളില്‍ നിന്നുള്ളവര്‍ സ്‌കൂളിലെത്താതിരിക്കുന്നതാണ് അഭികാമ്യമെന്നും യോഗം വിലയിരുത്തി. സ്‌കൂളുകളില്‍ കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള സ്‌കൂള്‍ കൊവിഡ് സെല്‍ രൂപീകരിക്കാന്‍ ബാക്കിയുള്ള ഇടങ്ങളില്‍ അത് ഉടന്‍ രൂപീകരിക്കുകയും ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം.
  സ്‌കൂളിന് മൊത്തത്തില്‍ ഇന്റര്‍വെല്‍ നല്‍കാതെ ക്ലാസ് തലത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. പിടിഎ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം നിര്‍ദേശിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ബന്ധപ്പെട്ട് കൊവിഡ് നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
  യോഗത്തിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:
  -സ്‌കൂളുകളില്‍ മതിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണം.
  -സ്‌കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ ടാങ്ക്, അടുക്കള, കാന്റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം.

  -സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്‌റൂമിന് പുറത്ത്, സ്‌കൂള്‍ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  -കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ സ്ഥലം അടയാളപ്പെടുത്തണം.

  • കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം.

  കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍:

  1. മാസ്‌ക് ധാരണം, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവയുടെ കാര്യത്തില്‍ നിരന്തര ശ്രദ്ധ ഉണ്ടാവണം.
  2. പരീക്ഷയെ ഭയപ്പെടേണ്ടതില്ല. സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കണം.
  3. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ രോഗബാധയ്ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാമെന്നതിനാല്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  4. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇവ സ്വന്തമായി വീട്ടില്‍ നിന്നു തന്നെ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.
  5. പ്രധാന അധ്യാപകനോ ക്ലാസ്സ് ടീച്ചറോ അറിയിക്കുന്ന സമയത്ത് മാത്രമേ സ്‌കൂളില്‍ വരാന്‍ പാടൂള്ളൂ.
  6. വ്യക്തിശുചിത്വം, പരിസരശുചിത്വം ആരോഗ്യകരമായ ഭക്ഷണം എന്നീ ശീലങ്ങളില്‍ വിട്ടുവീഴ്ച പാടില്ല.
   യോഗത്തില്‍ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, ഹയര്‍ സെക്കണ്ടറി വിഭാഗം ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ പി ഒ മുരളീധരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. മോഹനന്‍, ഡിഡിപി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം കെ അശോകന്‍, കോര്‍പറേഷന്‍ എഇഇ പി വി ബിജു, ജില്ലാ പഞ്ചായത്ത് എഫ്ഒ ഇ എന്‍ സതീഷ് ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

  No comments

  Post top Ad

  Post Bottom Ad