Header Ads

  • Breaking News

    ഇരിട്ടി പുഴയോരത്ത് കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചു



    ഇരിട്ടി: 

    ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോല പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും ഒഡീഷ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. ഒഡീഷ സുന്ദര്‍ഘര്‍ ജില്ല സ്വദേശി ഫെഡ്രിക് ബാര്‍ല (45) യുടേതാണെന്നാണ് സ്ഥിരീകരണം . അസ്ഥികൂടത്തിനടുത്തായി കണ്ടെത്തിയ ജീൻസിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖയാണ് ഇതിനു സഹായകമായത്.

    നാലുമാസം മുൻപ് ലോക്ഡൗണ്‍ കാലത്ത് മാക്കൂട്ടം ചുരം വഴി കേരളത്തിലേക്കുവന്ന കെ എസ് ഇ ബി യുടെ കരാർ സംഘത്തിൽ പെട്ട ആളായിരുന്നു ഇയാൾ. വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ സംഘത്തിലുള്ള ഇയാളെ കാണാതാവുകയായിരുന്നു. കര്‍ണ്ണാടക മേഖലയായതിനാല്‍ വീരാജ്പേട്ട പൊലിസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്ത് തെരച്ചില്‍ നടത്തി. 

    പിന്നീട് സംഘം ഇരിട്ടിയിലെത്തി കേരള പൊലിസിനോടും ഈ വിവരം പറഞ്ഞു. കേരള പോലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന ബാരാപോള്‍ പുഴ കരകവിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. പുഴയോരത്ത് കളിക്കുന്നതിനിടെ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയ കുട്ടികളാണ് കഴിഞ്ഞ ദിവസം തലയോട്ടിയും അസ്ഥികൂടവും കാണുന്നത്. പ്രദേശത്ത് പരിശോധിച്ചപ്പോള്‍ ജീന്‍സ് പാന്റിന്റെ അവശിഷ്ടത്തില്‍ നിന്നും തിരിച്ചറിയല്‍ രേഖകളും കിട്ടി. ഫൊറന്‍സിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. അസ്ഥികൂടം കൂടുതല്‍ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കയാണ് . ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും ഇരിട്ടി പൊലിസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad