Header Ads

  • Breaking News

    കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 31 വരെ വിലക്ക്



    കണ്ണൂർ: 

    കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒക്ടോബർ 31 വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചുകൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.


    വീടുകളിൽ തന്നെ കഴിയേണ്ട കുട്ടികളും പ്രായമായവരും ഉൾപ്പെടെ ബീച്ചുകളിലും മറ്റും കൂട്ടമായെത്തുന്നത് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി തടയാൻ നിയോഗിക്കപ്പെട്ട സെക്ടർ മജിസ്ട്രേറ്റുമാരും പോലിസും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ജില്ലയിൽ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതു ചടങ്ങുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സംഘാടകർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. 


    ജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ജില്ലയിൽ കൊവിഡ് വ്യാപനം വലിയൊരളവ് വരെ നിയന്ത്രിച്ചുനിർത്താനായത്. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന ഈ നിർണായക ഘട്ടത്തിൽ ചെറിയ ജാഗ്രതക്കുറവ് പോലും വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുകയെന്നും ജില്ലാ കലക്ടർ പറഞ്ഞു.


    അതിനിടെ, കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരേ സെക്ടർ മജിസ്ട്രേറ്റുമാർ ജില്ലയിൽ ചാർജ് ചെയ്ത കേസുകളുടെ എണ്ണം 15,820 ആയി. ശരിയായ രീതിയിൽ മാസ്‌ക്ക് ധരിക്കാത്തതിന് മാത്രം പതിനായിരത്തിലേറെ കേസുകളാണ് ഇതിനകം ചാർജ് ചെയ്തത്. ഇവർക്കെതിരേ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. വരുംദിനങ്ങളിൽ പരിശോധന കർശനമായി തുടരാൻ സെക്ടർ മജിസ്ട്രേറ്റുമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി

    No comments

    Post Top Ad

    Post Bottom Ad