Header Ads

  • Breaking News

    വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കണ്ണൂരിൽ ആറുകോടിയുടെ കെട്ടിടം



    കണ്ണൂർ: 

    മഹാത്മാമന്ദിരത്തിന് സമീപം താലൂക്ക് ഓഫീസ് വളപ്പിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാനായി ആറുകോടിയോളം രൂപ മുടക്കി കെട്ടിടം നിർമിക്കുന്നു. നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിക്കുക.

    നാലുനിലയുള്ള കെട്ടിടം ഒരുവർഷത്തിനകം പൂർത്തിയാകും.

    പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം. ഇതിന്റെ കരാർ നൽകിക്കഴിഞ്ഞു. നിലവിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ സ്വന്തമായി കെട്ടിടമില്ല. തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര കെട്ടിടത്തിലാണ് ഇപ്പോൾ ഇവ സൂക്ഷിക്കുന്നത്. നേരത്തേ തളിപ്പറമ്പ് താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. അസൗകര്യം കാരണമാണ് നാടുകാണിയിലേക്ക് മാറ്റിയത്.


    പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ നിലവിൽ കണ്ണൂർ താലൂക്ക് ഓഫീസ് കെട്ടിടത്തിലെ ഇലക്ഷൻ അനക്സിലാണ് സൂക്ഷിക്കുന്നത്. ജില്ലയിലെ 1800 ബൂത്തുകളിലേക്കാവശ്യമായ രണ്ടായിരത്തിലേറെ ബാലറ്റ് യൂണിറ്റുകൾ, അത്രയും കൺട്രോൾ യൂണിറ്റ്, രണ്ടായിരത്തിലേറെ വിവിപാറ്റ് മെഷീനുകൾ എന്നിവ സൂക്ഷിക്കാനായാണ് പുതിയ കെട്ടിടം. ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് വോട്ടിങ് യന്ത്രങ്ങൾ നിർമിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് ജില്ലാ ഭരണകേന്ദ്രത്തിന് സമീപം തന്നെയാകുന്നത് സൗകര്യമാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇവ പോലീസ് കസ്റ്റഡിയിൽ അതിസുരക്ഷയോടെ സൂക്ഷിക്കേണ്ടതുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad