Header Ads

  • Breaking News

    വികസന കുതിപ്പില്‍ ബ്രണ്ണന്‍: നടപ്പാക്കുന്നത് 25 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍



    കലാലയ മുത്തശ്ശിക്കിനി പുതിയ മുഖം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളുമായി തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്. പുതിയ കെട്ടിടങ്ങള്‍, റോഡുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 25 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളേജിന്റെ  വിവിധ മേഖലകളിലായി നടന്നുവരുന്നത്. പൂര്‍ത്തീകരിച്ച  പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഒക്ടോബര്‍ ഒന്നിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി  ജലീല്‍ അധ്യക്ഷനാകും.  സെന്റര്‍ ഓഫ് എക്സലന്‍സ് ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം, കോളേജിന് പുതുതായി നിര്‍മ്മിച്ച ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം, ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച  അന്താരാഷ്ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ് ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി കോളേജ് ലൈബ്രറിയില്‍ 52 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഫര്‍ണിച്ചറുകളുടെ ഉദ്ഘാടനം എന്നിവ ചടങ്ങില്‍ നടക്കും. 



    മൊത്തം 1.83 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പൂര്‍ത്തിയായത്. 21.5 കോടി രൂപ ചെലവില്‍ അക്കാദമിക് ബ്ലോക്കും ലേഡീസ് ഹോസ്റ്റലുമാണ് സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സഹായത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. ഇന്റര്‍ ഡിസ്സിപ്ലിനറി റീസേര്‍ച്ച് സെന്റര്‍ ഫോര്‍ സയന്‍സസ് ഉള്‍പ്പെടെ രണ്ട് അക്കാഡമിക് ബ്ലോക്കുകള്‍, സെന്റര്‍ ഫോര്‍ കണ്‍വേര്‍ജന്റ് സ്റ്റഡീസ്, 300 ലധികം വിദ്യാര്‍ഥിനികളെ ഉള്‍കൊള്ളാന്‍ കഴിയുന്ന വനിത ഹോസ്റ്റല്‍, ലാംഗ്വേജ് ബ്ലോക്ക്, ആംഫി തിയേറ്റര്‍, ചുറ്റുമതില്‍, ചുറ്റുമതിലിനോട് ചേര്‍ന്ന നടപ്പാത, ലാന്റ്സ്‌കേപ്പിംഗ്, ബയോ വേസ്റ്റ് ഡിസ്പോസല്‍, സോളാര്‍ എനര്‍ജി, മഴവെള്ള സംഭരണികള്‍, ഡിജിറ്റലൈസേഷന്‍, സ്മാര്‍ട് ക്ലാസ് റൂമുകള്‍, അന്താരാഷ്ട്ര നിലവാരമുള്ള ലാബ് സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ തയ്യാറാക്കിയത്. 



    പി ജി ബ്ലോക്ക്, ട്രസ് വര്‍ക്, സെന്‍ട്രല്‍ ലൈബ്രറി റോഡ് നിര്‍മാണം, ലൈബ്രറി പരിസരം മനോഹരമാക്കല്‍, മെയിന്‍ ഓഡിറ്റോറിയം ടൈലിങ്, ഹെറിറ്റേജ് ബില്‍ഡിങ്ങില്‍ ആസ്ബസ്റ്റോസ് ചുമരുകള്‍ നീക്കി ഹോളോ ബ്രിക്‌സ് ചുമര്‍ നിര്‍മിക്കല്‍ എന്നിവയ്ക്ക്  1.88 കോടി രൂപയുടെയും  ഹോസ്റ്റല്‍ വികസനത്തിന് ഒരു കോടി രൂപയുടെയും ഭരണാനുമതിയും ലഭിച്ചു. എ എന്‍ ഷംസീര്‍ എം എല്‍ എ, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



    No comments

    Post Top Ad

    Post Bottom Ad