Header Ads

  • Breaking News

    പിലാത്തറ - പാപ്പിനിശ്ശേരി റോഡ് ഇനി സുരക്ഷിത പാത

    പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി സേഫ്റ്റി കോറിഡോര്‍ പദ്ധതി നടപ്പിലാക്കി. ഈ മേഖലയെ അപകട രഹിതമാക്കി മാറ്റുന്നതിനായി നാറ്റ്പാക് സമര്‍പ്പിച്ച പദ്ധതിക്കായി 1.84 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

    കെ.എസ്.ടി.പി റോഡ് തുറന്നുകൊടുത്തതിന് ശേഷം റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന അപകടങ്ങളെ കുറിച്ച്‌ പഠനം നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്.

    21 കിലോമീറ്റര്‍ വരുന്ന റോഡില്‍ വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ്, വേഗത എന്നിവ പകര്‍ത്തുന്ന എ.എന്‍.പി.ആര്‍ കാമറകള്‍ക്കു പുറമെ, 30ലേറെ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.പിലാത്തറ ജംഗ്ഷന്‍, പഴയങ്ങാടി , കണ്ണപുരം പൊലീസ് സ്‌റ്റേഷന്‍, പാപ്പിനിശ്ശേരി ജംഗ്ഷന്‍, പുന്നച്ചേരി, ഹനുമാരമ്ബലം ജംഗ്ഷന്‍, എരിപുരം പൊലീസ് സ്‌റ്റേഷന്‍, യോഗശാല റോഡ്, പുതിയകാവ് എന്നിവിടങ്ങളിലാണ് ഓട്ടോമേറ്റഡ് നമ്ബര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ സ്ഥാപിച്ചത്. മറ്റിടങ്ങളില്‍ റോഡിന്റെ എല്ലാവശങ്ങളും പരിസരങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള 26 പി.ടി.എസ് കാമറകളും നാല് ബുള്ളറ്റ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ കാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലീസ് സ്‌റ്റേഷനില്‍ സെന്‍ട്രല്‍ മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കു പുറമെ, മേഖലയിലെ കുറ്റകൃത്യങ്ങള്‍, മണല്‍ കടത്ത്, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, പുഴകളിലും റോഡരികുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുവാനും ഇതിലൂടെ സാധിക്കും.

    പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രോണിക്സ് വിഭാഗം ടെന്‍ഡര്‍ ചെയ്ത പ്രവൃത്തി കണ്ണൂര്‍ കംപ്യൂട്ടര്‍ കെയര്‍ എന്ന ഏജന്‍സി മുഖേനയാണ് നടപ്പിലാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad