Header Ads

  • Breaking News

    കാർ മരക്കുറ്റിയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്


    കണ്ണൂർ: ജില്ലാ ആസ്പത്രി റോഡിൽ അഗ്നിരക്ഷാസേനാ ഓഫീസിനു സമീപം അമിതവേഗത്തിൽ വന്ന കാർ സ്നേഹാലയം റോഡ് പരിസരത്തേക്ക് പാഞ്ഞുകയറി മരക്കുറ്റിയിലിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ബർണശ്ശേരി തില്ലേരി കടുങ്ങോൻ വീട്ടിൽ കെ.അനീസ് (23), അതുൽ ജോൺ (24) എന്നിവർക്കാണ് പരിക്ക്. കാറിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടു. എയർബാഗ് പ്രവർത്തിച്ചതാണ് കൂടുതൽ ദുരന്തമൊഴിവാക്കിയത്.

    ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ആസ്പത്രി ഭാഗത്ത് നിന്ന് ബർണശ്ശേരിയിലേക്ക് പോകുകയായിരുന്നു കാർ. അഗ്നിരക്ഷാസേനാ ഓഫീസ് പിന്നിട്ടപ്പോഴേക്കും നിയന്ത്രണം വിട്ട് വലത്തേക്ക് തിരിഞ്ഞ കാർ സമീപത്തെ ഇരുമ്പ് വൈദ്യുതത്തൂണിലിടിച്ച് മുന്നോട്ടുപോയി നിലത്ത് കിടന്ന കോൺക്രീറ്റ് സ്ലാബിൽ തട്ടി തിരിഞ്ഞു.

    പിൻഭാഗം മരക്കുറ്റിയിലിടിച്ച് ഏതാനും മീറ്റർ മുന്നോട്ടുപോയാണ് നിന്നത്. മരത്തിന്റെ കുറ്റിയിലാണ് പിൻഭാഗം ഇടിച്ചത്. ഇടിയേറ്റ് കുറ്റിയുടെ ചുവട് പിളർന്നുപോയി.

    ഓടിയെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇവരെ ചാലയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.

    കാറിന്റെ വേഗം കണ്ട് എതിരെ വന്ന ലോറി റോഡരികിൽ നിർത്തിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തളിപ്പറമ്പ് സ്വദേശിയുടേതാണ് കാർ. പിൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന ഒരാൾ നേരത്തേ ചില കേസുകളിൽ ഉൾപ്പെട്ടിരുന്നതായി സിറ്റി പോലീസ് പറഞ്ഞു. കാർ പോലീസ് വിശദമായി പരിശോധിച്ചു.

    No comments

    Post Top Ad

    Post Bottom Ad