Header Ads

  • Breaking News

    കനത്ത മഴ; നിലമ്പൂരിൽ പലയിടത്തും വെള്ളം കയറി, കോഴിക്കോട് മലവെള്ളപ്പാച്ചിലില്‍പ്പെട്ട വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താനായില്ല.

    മലപ്പുറം നിലമ്പൂരിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. വിവിധ നദികളിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമല ഉൾപ്പെടുന്ന വെള്ളരിമല വില്ലേജിലും മഴ കനത്തു.

    ഇന്നലെ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയാണ് നിലമ്പൂരിൽ വെള്ളം കയറാനിടയാക്കിയത്. നഗരത്തില്‍ പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. എടക്കര, വെളിയന്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ റോഡ് വെള്ളത്തിനടിയിലായതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

    വനത്തിനുള്ളിൽ പെയ്ത ശക്തമായ മഴ പുഴകളിൽ ജലനിരപ്പ് കൂട്ടി. പലയിടത്തും മലവെള്ളപ്പാച്ചിൽ കണക്കെ വെള്ളം കുത്തിയൊലിച്ചെത്തി. മതിൽമൂല കോളനി, നമ്പൂരിപ്പൊട്ടി തുടങ്ങിയ പുഴയോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിവിധ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാത്രിയോടെ മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് നിർദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

    വയനാട്ടിലെ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മഴ കനത്തതോടെ ചൂരൽമല പുഴയിൽ ഒഴുക്ക് ശക്തമായി. കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമല ഉൾപ്പെടുന്ന വെള്ളരിമല വില്ലേജിലാണ് മഴ കനത്തത്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ മഴ തുടരുകയാണ്.

    കോഴിക്കോട് ഇന്നലെ വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്ക് കാരണം തിരച്ചില്‍ തുടരാനായില്ല. രാവിലെ തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ടത്.

    കഴിഞ്ഞദിവസം ഉച്ചയോടെ തന്നെ കനത്ത മഴയാണ് കോഴിക്കോട് മലയോരമേഖലയില്‍ ഉണ്ടായത്. പലയിടത്തും പുഴകള്‍ കരവിഞ്ഞു. ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം മുക്കം സ്വദേശി ഹാനി റഹ്മാനാണ് ഒഴുക്കില്‍പെട്ടത്. കുളിക്കാനിറങ്ങിയതാണെന്ന് സംശയിക്കുന്നു.
    വൈകീട്ട് ആറര വരെ തിരച്ചില്‍ നടത്തി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. രാവിലെ എട്ട് മണിയോടെ തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. വനത്തിനുള്ളില്‍ ശക്തമായ മഴയുണ്ടായതിനാല്‍ ഇരുവഴിഞ്ഞിപ്പുഴ, മറിപ്പുഴ, മുത്തപ്പന്‍പുഴ എന്നിവ കരകവിഞ്ഞു. ഇരവഴിഞ്ഞിപ്പുഴക്ക് തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

    സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 60 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്.

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. രാത്രിയിലും പലയിടങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടു. ഇന്നലെ കായംകുളത്താണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 10 സെന്‍റീ മീറ്റര്‍. കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് ലഭിച്ചത് 14 സെന്‍റീമീറ്റര്‍ മഴയാണ്. 9 സെന്‍റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം അധികമഴയുണ്ടായി.
    വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി.

    No comments

    Post Top Ad

    Post Bottom Ad