Header Ads

  • Breaking News

    തിരിച്ചടിച്ച് ചൈന; ഇന്ത്യൻ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും ഇനി മുതൽ ചൈനയിൽ ലഭിക്കില്ല


    ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാരോപിച്ചാണ് നടപടി.

    നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാവൂ. ബീജിംഗിലെ നയതന്ത്ര വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം ഇനി ഓണ്‍ലൈന്‍ ഐപി ടിവിയിലൂടെ മാത്രമേ ഇന്ത്യന്‍ സൈറ്റുകള്‍ കാണാന്‍ സാധിക്കൂ. അതേസമയം കഴിഞ്ഞ രണ്ടു ദിവസമായി ഐ ഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും വി.പി.എന്‍ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

    ശക്തമായ സുരക്ഷാ സംവിധാനത്തോടെ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വി.പി.എന്‍. എന്നാല്‍ വി.പി.എന്നിനെ തടയാന്‍ സാധിക്കുന്ന തരത്തിലുള്ള ശക്തമായ സാങ്കേതിക വിദ്യയാണ് ചൈന ഉപയോഗിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്.

    ജൂണ്‍ 15ന് ലഡാക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈന ഇന്ത്യ അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സുരക്ഷയെ മുന്‍നിര്‍ത്തിയെന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഉത്തരവിട്ടത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

    രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

    ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

    No comments

    Post Top Ad

    Post Bottom Ad