Header Ads

  • Breaking News

    രജനികാന്തിനെ നായകനാക്കി ചിത്രം ഒരുക്കാൻ ഓഫറുകൾ വന്നിരുന്നു… അത് നടക്കാത്തതിന്റെ കാരണം…മനസ്സ് തുറന്ന് പ്രിയദർശൻ


    ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുവാൻ ആഗ്രഹിക്കാത്ത സംവിധായകർ ഒന്നുമുണ്ടാവില്ല. 94 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും രജനീകാന്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ആകാത്തതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് പ്രിയദർശൻ. രജനീകാന്ത് എന്ന നടന്റെ ഒരു വലിയ ആരാധകനാണ് താനെന്ന് പ്രിയദർശൻ പറയുന്നു. എന്നാൽ വർഷങ്ങൾക്കു മുൻപ് തങ്ങൾ ചർച്ച ചെയ്ത പോലെ ഒരു ചിത്രം നടന്നിരുന്നെങ്കിൽ പോലും തനിക്കു ഒരിക്കലും രജനികാന്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നല്കാൻ കഴിയുമായിരുന്നില്ല എന്നാണ് പ്രിയദർശൻ പറയുന്നത്.

    രജനികാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ രണ്ടു മൂന്നു തവണ ഓഫർ വന്നെങ്കിലും താനത് ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശൈലിയിൽ ചിത്രമൊരുക്കാൻ തനിക്കു കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ടാണെന്നും ഇപ്പോഴും താൻ സ്ക്രീനിൽ കാണുവാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരു താരം രജനീകാന്ത് ആണെന്നും പ്രിയദർശൻ ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രജനീകാന്തിനെ സ്ക്രീനിൽ കാണുമ്പോൾ കയ്യടിക്കാനും വിസിലടിക്കാനും ആഗ്രഹിക്കുന്ന വെറുമൊരു രജനീകാന്ത് ആരാധകനായി ഇരിക്കാനാണ് തനിക്ക് താൽപര്യമെന്നും അദ്ദേഹത്തിന്റെ അഭിനയ സമ്പത്ത് തന്റെ ആശയങ്ങൾക്കും അപ്പുറം ആണെന്നും പ്രിയദർശൻ പറയുന്നു.

    തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ എന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം റിലീസിന് മുൻപ് കണ്ട രജനീകാന്ത് അത് റീമേക്ക് ചെയ്യുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad