Header Ads

  • Breaking News

    കണ്ണൂരിൽ നിന്നും 450 അതിഥി തൊഴിലാളികൾ കൂടി നാട്ടിലേക്ക് മടങ്ങി, യാത്ര പുറപ്പെട്ടത് കോഴിക്കോട് നിന്ന്


    കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 450 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ പോവാനാവാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 450 അതിഥി തൊഴിലാളികള്‍ കൂടിയാണ് വീടുകളിലേക്ക് മടങ്ങിയത്. മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് കോഴിക്കോട് നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനില്‍ യാത്ര തിരിച്ചത്.
    ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള 450 പേരെ 15 കെഎസ്ആര്‍ടിസി ബസ്സുകളിലായാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
    ഇവര്‍ക്കുള്ള ഭക്ഷണപ്പൊതിയും ജില്ലാ ഭരണകൂടം നല്‍കിയിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു ബസ്സില്‍ 30 പേരെ മാത്രമാണ് കൊണ്ടുപോയത്. യാത്ര തിരിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്ന് (മെയ് ഏഴ്) ഉത്തര്‍ പ്രദേശിലേക്കും നാളെ (മെയ് 8) ജാര്‍ഖണ്ഡിലേക്കും ജില്ലയില്‍ നിന്നുള്ള 1140 വീതം അതിഥി തൊഴിലാളികള്‍ യാത്ര തിരിക്കും. കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്ന് ബീഹാറിലേക്കുള്ള ട്രെയിനില്‍ 1140 പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
    തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേക്കും പോവേണ്ട അതിഥി തൊഴിലാളികളെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad