Header Ads

  • Breaking News

    ആശ്വാസദിനം വീണ്ടും: ഇന്ന് ആർക്കും കൊവിഡില്ല; ഏഴ് പേർക്ക് രോഗമുക്തി, ഇനി 30 പേർ മാത്രം ചികിത്സയിൽ


    സംസ്ഥാനത്തിന് വീണ്ടുമൊരു ആശ്വാസദിനം. ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേർ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ഇതിൽ ആറ് പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരാണ്. പത്തനംതിട്ട ജില്ലക്കാരനാണ് രോഗമുക്തി നേടിയ മറ്റൊരാൾ
    സംസ്ഥാനത്ത് ഇതുവരെ 502 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 30 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 14670 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    34599 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. ഇതിൽ 34063 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ഇന്ന് മാത്രം 1154 പരിശോധനകൾ നടന്നു. മുൻഗണനാഗ്രൂപ്പിൽ 2947 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 2147 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പു വരുത്തി.

    കഴിഞ്ഞ ആറ് ദിവസത്തിനിടെ നാല് ദിവസവും സംസ്ഥാനത്ത് കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. തുടർച്ചയായ രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് മൂന്ന് രോഗികൾ റിപ്പോർട്ട് ചെയ്തത്. മേയ് 1, 3, 4 ദിവസങ്ങളിലും ആർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല.

    അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 49,391 പേർക്കാണ് ഇതിനോടകം കൊവിഡ് ബാധിച്ചത്. രോഗം ബാധിച്ച് 1694 പേർ മരിച്ചു. 14183 പേർക്ക് രോഗം ഭേദമായി. 33514 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു

    കഴിഞ്ഞ 24 മണിക്കൂറിനിടെ 126 പേർ രാജ്യത്ത് മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 2958 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. ദിവസം ചെല്ലുന്തോറും കൊവിഡ് വ്യാപനത്തിന്റെ ശക്തി വർധിച്ചുവരികയാണ്. കേരളമുൾപ്പെടെ അപൂർവം ചില സംസ്ഥാനങ്ങൾക്ക് മാത്രമാണ് രോഗത്തെ വിജയകരമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുള്ളത്. 

    No comments

    Post Top Ad

    Post Bottom Ad