Header Ads

  • Breaking News

    മരട് മാലിന്യം;  കടുത്ത നടപടിക്കൊരുങ്ങി ദേശീയ ഹരിത ട്രിബ്യൂണൽ



    കൊച്ചി: മരട് മാലിന്യ നീക്കത്തിൽ നഗരസഭയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ദേശീയ ഹരിത ട്രിബ്യൂണൽ. മാലിന്യ നീക്കത്തിൽ നഗരസഭ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ് നീക്കം. പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് നഗരസഭ മാലിന്യ നീക്കം നടത്തുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു.

    ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതിയാണ് നടപടിക്ക് ശുപാർശ ചെയ്തത്. മരട് മാലിന്യ നീക്കത്തിൽ നഗരസഭ ഗുരുതര വീഴ്ച വരുത്തിയതായി നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് വാട്ടർ സ്പ്രിംഗ്ലറുകൾ, സിസിടിവി എന്നിവ സ്ഥാപിക്കണം, മാലിന്യം നീക്കുന്ന നടപടികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥനെ നിയമിക്കണം, മാലിന്യവുമായി പോകുന്ന ലോറികളിൽ മേൽമൂടി നിർബന്ധമാക്കണം തുടങ്ങി നിരവധി നിർദേശങ്ങളാണ് ദേശീയ ഹരിത ട്രിബ്യൂണൽ മുന്നോട്ട് വച്ചത്.

    എന്നാൽ, ഇവയിൽ 50% കാര്യങ്ങൾ പോലും നഗരസഭ പാലിച്ചില്ലെന്ന് നിരീക്ഷണ സമിതി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരി 16ന് സമിതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. മരട് സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണെന്നും വീഴ്ചകൾ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭാ ഭരണസമിതി വ്യക്തമാക്കി.

    അതേസമയം, മരടിൽ പൊളിച്ച അഞ്ച് ഫ്‌ളാറ്റുകളുടെയും കൂടി 40%ത്തിലേറെ കോൺക്രീറ്റ് മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. ദിവസം 200 ലോഡ് എന്ന കണക്കിലാണ് മാലിന്യ നീക്കം നടക്കുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറ് പ്രദേശങ്ങളിൽ ഇവ എത്തിച്ച് കോൺക്രീറ്റ് കട്ടകൾ, എം സാന്റ് എന്നിവ നിർമിക്കുകയാണ് ലക്ഷ്യമിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad