Header Ads

  • Breaking News

    കാറമ്മേല്‍ മുച്ചിലോട്ട് കളിയാട്ടത്തിനിടെ തര്‍ക്കം; 14 വാഹനങ്ങള്‍ തകര്‍ത്തു ചന്തേര സി.ഐയുടെ വീടിനു നേരെ കല്ലേറ്


    പയ്യന്നൂര്‍: 

    വെള്ളൂര്‍ കാറമ്മേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ക്രമസമാധാന കമ്മിറ്റി കണ്‍വീനറായിരുന്ന ചന്തേര സി.ഐയുടെ വീടിനു നേരെയും പ്രവാസി കമ്മിറ്റി കണ്‍വീനറായിരുന്ന കാര്‍ വില്‍പ്പന കേന്ദ്രം ഉടമയുടെ വാഹനങ്ങള്‍ക്കു നേരയും അക്രമം.
    അര്‍ധരാത്രി 12.45ഓടെയാണ് സംഭവം.

    ചന്തേര സി.ഐ സുരേഷ് ബാബുവിന്റെ മൂരിക്കൊവ്വലിലെ വീടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്. വെള്ളൂര്‍ കിഴക്കുമ്പാട് സ്വദേശി കെ.കെ ഗണേഷിന്റെ ഉടമസ്ഥതയില്‍ ദേശീയപാത രാമന്‍കുളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കാര്‍ ഫോര്‍ യു ഷോപ്പില്‍ വില്‍പ്പനക്കായി വച്ച 14 കാറുകളാണ് അക്രമികള്‍ തകര്‍ത്തത്.

    പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഇന്നലെ ക്രമസമാധന കമ്മിറ്റിയിലുണ്ടായ തര്‍ക്കമാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
    മുച്ചിലോട്ട് ഭഗവതിയുടെ ചെക്കിപ്പൂവ് പറിക്കുന്നതുമായി ബന്ധപ്പെട്ട് വളണ്ടിയര്‍മാരും ക്ഷേത്ര വാല്യക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് സംശയിക്കുന്നതായി പയ്യന്നൂര്‍ പോലീസ് പറഞ്ഞു. സി.ഐ സുരേഷ് ബാബുവും ഗണേശനും തര്‍ക്ക പരിഹാരത്തിനു മുന്നിലുണ്ടായിരുന്നു. ഒരു വിഭാഗം വളണ്ടിയര്‍മാരുമായി തുടക്കം മുതല്‍ ക്രമസമാധാന കമ്മിറ്റിയില്‍ തര്‍ക്കം നിലനിന്നിരുന്നു. കളിയാട്ടം സമാപിച്ചതോടെ ഇവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സി.ഐയുടെ വീട് അക്രമിച്ച സംഘമാണ് കാറുകള്‍ തകര്‍ത്തതിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്.
    പെരുങ്കളിയാട്ടം കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് വാഹനങ്ങള്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടതെന്നും പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഉടമ പറയുന്നു. അക്രമസംഭവം നടന്ന സ്ഥലം പയ്യന്നൂര്‍ പോലീസ് എത്തി പരിശോധിച്ചു. അക്രമികളുടെ ദൃശ്യങ്ങള്‍ ഇവിടത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും എസ്.ഐ ശ്രീജിത്ത് കൊടേരി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad