Header Ads

  • Breaking News

    ലഹരിക്കെതിരെ ഫെബ്രുവരി ഏഴിന് ദീപം തെളിയിക്കും തദ്ദേശസ്ഥാപന പരിധിയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം.



    ലഹരിക്കെതിരെ ഫെബ്രുവരി ഏഴിന് ദീപം തെളിയിക്കും
    തദ്ദേശസ്ഥാപന പരിധിയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം.

    ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപന പരിധിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം. എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. എക്‌സൈസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബോധവല്‍ക്കരണ പരിപാടികളും യോഗങ്ങളും പല പഞ്ചായത്തുകളും കാര്യക്ഷമമായി നടപ്പാക്കുന്നില്ല എന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജില്ലാ വികസന സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് യോഗം നിര്‍ദേശിച്ചു.

    ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസിന്റെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി ഏഴിന് പ്രാദേശിക തലത്തില്‍ ദീപം തെളിയിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് യോഗത്തെ അറിയിച്ചു. ഇതിന് പുറമെ പ്രാദേശികതലത്തില്‍ 400 ഓളം കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി രണ്ടിന് കുട്ടികളുമായി ചേര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന് ആശവര്‍ക്കര്‍മാര്‍ക്കും വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് സ്ത്രീകള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. വ്യത്യസ്ത തരം ലഹരിമരുന്നുകളെക്കുറിച്ചും വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ ഏതൊക്കെ രീതിയില്‍ അവ എത്തുന്നുണ്ട് എന്നത് സംബന്ധിച്ചും ക്ലാസില്‍ വിശദീകരിക്കും. ഗ്രന്ഥശാല പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ക്ലബ്ബുകള്‍ രൂപീകരിക്കാനും കലാ-കായിക പരിപാടികളിലൂടെ ആദിവാസി മേഖലയില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായി.

    ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങളുടെ മുന്നോടിയായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കര്‍ശന പരിശോധനകളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍, വായനശാലകള്‍, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. ചരട്കുത്തി കോല്‍ക്കളി, ഡോക്യുമെന്ററി പ്രദര്‍ശനം, ഫ്‌ളാഷ് മോബ്, കളരി അഭ്യാസം, മെഡിക്കല്‍ ക്യാമ്പ്, ഊരുണര്‍വ് പരിപാടികള്‍ തുടങ്ങിയവ നടത്തി. ഡിസംബര്‍ മാസം നടത്തിയ വിവിധ പരിപാടികളിലായി 72000ത്തോളം പേര്‍ പങ്കെടുത്തു. ലഹരി വ്യാപനം തടയുന്നതിനായി പഞ്ചായത്ത്- മുനിസിപ്പാലിറ്റി തലങ്ങളിലായി 43 ഓളം കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലയില്‍ ഡിസംബര്‍ മാസം 468 തവണ മദ്യഷാപ്പുകളില്‍ എക്സൈസ് വകുപ്പ് പരിശോധന നടത്തി. 160ലധികം മദ്യ സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. 223 ലഹരി വിരുദ്ധ ക്ലബ്ബുകള്‍ നിലവില്‍ രൂപീകരിക്കുകയും നാടകവും സിഡി പ്രദര്‍ശനവും  ഉള്‍പ്പെടെ 295 ഓളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ നടത്തിയ 809 റെയിഡുകളിലായി 127 അബ്കാരി കേസുകളും പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 455 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2970 ലിറ്റര്‍ വാഷ്, 349.2 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 53.3 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 97 ലിറ്റര്‍ ചാരായം, 15.7 ലിറ്റര്‍ ബിയര്‍, 3.4 കിലോഗ്രാം കഞ്ചാവ്, 622.6 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, 4.9 ഗ്രാം എംഡിഎംഎ, ആറ് വാഹനങ്ങള്‍ തുടങ്ങിയവയും ഈ കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്.

    യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി വി പ്രീത, എന്‍ ടി റോസമ്മ, ജില്ലാ വനിതാ ശിശുക്ഷേമ വികസന ഓഫീസര്‍ പി സുലജ, എക്സൈസ് ഉദ്യോഗസ്ഥര്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad