Header Ads

  • Breaking News

    കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം ഫെബ്രുവരി ആറുമുതൽ



    പയ്യന്നൂർ: 
    കാറമേൽ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടം ഫെബ്രുവരി ആറുമുതൽ ഒൻപതുവരെ നടക്കും. 14 വർഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. നാല് ദിവസങ്ങളിലായി ആറുനേരം ഭക്തജനങ്ങൾക്കുള്ള അന്നദാനത്തിന് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് ക്ഷേത്രപരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ജൈവ പച്ചക്കറി വിളവെടുപ്പിന്‌ തയ്യാറായി. ഒരേസമയം 5000 പേർക്ക് അന്നദാനത്തിനുള്ള സൗകര്യം ഒരുങ്ങി. ഹരിതചട്ടം നടപ്പക്കുന്നതിനായി ഹരിതസേന പ്രവർത്തിച്ചുവരികയാണ്.

    31 മുതൽ ഫെബ്രുവരി ഒൻപതുവരെ അഖിലേന്ത്യാ പ്രദർശനം ഒരുക്കും. 28-ന്‌ വൈകീട്ട്‌ ആറിന് ലക്ഷംദീപം സമർപ്പണം നടക്കും. വൈകീട്ട് 5.30-ന് നടക്കുന്ന സാംസ്കാരികസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. തുടർന്ന് പെരുങ്കളിയാട്ട സ്മരണിക സാഹിത്യകാരൻ കെ.പി. രാമനുണ്ണി പ്രകാശനംചെയ്യും.

    രണ്ടിന് വൈകീട്ട് അഞ്ചിന് വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 650ൽ പരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരകളി അരങ്ങേറും.

    വരച്ചുവെക്കൽ 31-ന്‌ രാവിലെ 10-നും 11.10-നും ഇടയിൽ നടക്കും. ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിന് സാംസ്കാരികസമ്മേളനം നടക്കും. തുടർന്ന് കവിയരങ്ങ്. ആറിന് വൈകീട്ട് സിനിമാ പിന്നണിഗായിക സിതാര നയിക്കുന്ന ഗാനമേള. ഏഴിന് വൈകീട്ട് സിനിമാതാരം ജയറാമും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 വാദ്യക്കാരും അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളം.

    ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലിന് കാങ്കോൽ ശിവക്ഷേത്ര മൈതാനത്തുനിന്ന്‌ ഹരിത ഘോഷയാത്ര. ആറിന് രാവിലെ ഒൻപതിന് വെള്ളൂർ ചാമക്കാവ് ഭഗവതിക്ഷേത്രത്തിൽനിന്ന്‌ ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും. ഏഴിന് വൈകീട്ട് നാലിന് അന്നൂർ തലയന്നേരി പൂമാല ഭഗവതിക്ഷേത്രത്തിൽനിന്ന്‌ കലവറനിറയ്ക്കൽ ഘോഷയാത്ര. കളിയാട്ടദിവസങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, പണയക്കാട്ട് ഭഗവതി, മോന്തിക്കോലം, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കൂത്ത്, ചങ്ങനും പൊങ്ങനും, കുറത്തി, തൽസ്വരൂപൻ എന്നിവയും കെട്ടിയാടും.

    എട്ടിന് മൂന്നിന് മംഗല കുഞ്ഞുങ്ങളോടുകൂടിയുള്ള തോറ്റം ചുഴലൽ. സമാപനദിവസമായ ഒൻപതിന് 12-ന് മേലേരി കൈയേൽക്കൽ. 12.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി.എം.ദാമോദരൻ, വർക്കിങ് ചെയർമാൻ ഇ.ഭാസ്കരൻ, ജനറൽ കൺവീനർ പി.വി.ഗോപി, പ്രസിഡന്റ് വി.സി.നാരായണൻ, സെക്രട്ടറി എ.മോഹനൻ, ട്രഷറർ എം.വി.ബാലഗോപാലൻ, കോയ്മ കെ.ടി.എൻ. ഉല്ലാസൻ നമ്പ്യാർ, കോളിയാട്ട് തമ്പാൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad