Header Ads

  • Breaking News

    റേഷൻ വിതരണത്തിലെ ഏകജാലകസംവിധാനം പുനഃപരിശോധിക്കണം


    കണ്ണൂർ : 
    പയ്യന്നൂർ താലൂക്കിലുൾപ്പെടുന്ന ഒരു പ്രധാന ടൗണിൽ പ്രവർത്തിക്കുന്ന പൊതുവിതരണകേന്ദ്രത്തിൽ ഇക്കഴിഞ്ഞ ഡിസംബർ മാസം ഒരു റേഷൻ ഉപഭോക്താവ് മണ്ണെണ്ണയ്ക്കുവേണ്ടി ചെന്നപ്പോഴുണ്ടായത് വിചിത്രമായ അനുഭവം. മണ്ണെണ്ണയ്ക്ക് വേണ്ടി നിരവധി തവണയാണ് ഇയാൾ റേഷൻ കടയിൽ കയറി ഇറങ്ങിയത്.
    ” എത്രയോ വർഷങ്ങളായി റേഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന കടയാണത്.ആദ്യതവണ അവിടെ പോയപ്പോൾ ക്വാട്ട പ്രകാരമുള്ള അരി മാത്രമേ ലഭിച്ചുള്ളൂ.മണ്ണെണ്ണ വാങ്ങുന്നതിന് രണ്ടാമത് ഒരിക്കൽക്കൂടി റേഷൻകടയിൽ പോകേണ്ടിവന്നപ്പോഴും മണ്ണെണ്ണ ഇനിയുമെത്തിയിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.ഇനിയും ചെന്ന് മടങ്ങേണ്ടല്ലോ എന്ന് കരുതി ആ മാസത്തെ അവസാനത്തെ പ്രവൃത്തിദിനത്തിൽ രാവിലെത്തന്നെ കടയിലെത്തിയെങ്കിലും മെഷീൻ തകരാറാണ്,പോയിട്ട് വൈകീട്ട് വരൂ എന്ന മറുപടിയാണ് കിട്ടിയത്.അന്ന് തന്നെ വൈകീട്ട് വീണ്ടും പോയി.
    രാവിലെ വരാൻ പറഞ്ഞയാൾക്ക് പകരം മറ്റൊരാളാണ് അവിടെയുണ്ടായതത്രെ.നീല കാർഡുകാർക്ക് അവിടെ മണ്ണെണ്ണയില്ലെന്നും വെള്ള കാർഡാണെങ്കിൽ തരാമെന്നുമാണ് മറുപടി തന്നത്.നാളെ പുതിയ മാസം തുടങ്ങുകല്ലേ,ഇനി ഈ മാസത്തെ മണ്ണെണ്ണ എങ്ങനെ കിട്ടുമെന്നാരാഞ്ഞപ്പോഴാണ് തമാശ.ഇപ്പോൾ ഏത് റേഷൻ കടയിൽ നിന്നും വാങ്ങാമല്ലോ,മറ്റേതെങ്കിലും കടയിൽ പോയാൽ കിട്ടുമല്ലോ ”

    ഇതായിരുന്നു മറുപടി.അപ്പോഴേക്കും പ്രവർത്തന സമയം ഏതാണ്ട് അവസാനിച്ചിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്.ഇതാണ് തന്റെ അനുഭവം പലർക്കുമുണ്ടാകാമെങ്കിലും ഇപ്പോഴുള്ള കഞ്ഞികുടി കൂടി മുട്ടുമോ എന്ന പേടി കാരണം പലരും മൗനം പാലിക്കുകയാണെന്ന് പറയുന്നു ഈ ഉപഭോക്താവ്. സാധാരണക്കാരുടെ റേഷൻ മുടക്കുന്ന തലതിരിഞ്ഞ നയമാണ് തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഉപഭോക്താവ് പറയുന്നു. 
    ഇതിൽ കക്ഷിരാഷ്ട്രീയമൊന്നും ബാധകമല്ല.സർക്കാർ തീരുമാനങ്ങൾ താഴെത്തട്ടിൽ എങ്ങനെ നടപ്പാക്കപ്പെടുന്നു എന്ന് പരിശോധിക്കാനുള്ള കുറ്റമറ്റ സംവിധാനങ്ങൾ നിലവിലില്ലാത്തതാണ് പ്രശ്നം.
    പുതിയ വർഷത്തിൽ പ്രതീക്ഷയോടെ ജനുവരി മാസത്തെ ക്വാട്ട പ്രകാരമുള്ള മണ്ണെണ്ണ വാങ്ങാൻ പോയപ്പോഴും ഇതേ അനുഭവം തന്നെയാണ് പലർക്കുമുണ്ടായത്.റേഷൻ വിതരണത്തിലെ ഏകജാലക സംവിധാനം ഫലത്തെക്കാളെറെ സാധാരണക്കാർക്ക് ദുരിതമായിരിക്കുകയാണ്.
    പരിഷ്കാരങ്ങൾ വരുമ്പോൾ നട്ടംതിരിയുന്നത് സാധാരണക്കാരാണെന്ന പതിവ് പരാതി ഉയരുന്നതിൽ കാര്യമുണ്ടെന്ന് ഇവർ പറയുന്നു.റവന്യു സർട്ടിഫിക്കറ്റുകൾക്ക് അക്ഷയകേന്ദ്രങ്ങൾ മുഖേന അപേക്ഷിക്കുന്നതിന് തീരുമാനമെടുത്തപ്പോഴും സാധാരണക്കാരായ ആളുകൾക്ക് വിനയായിരുന്നു.അക്ഷയകേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും മാറിമാറി കയറിയിറങ്ങേണ്ട സ്ഥിതിക്ക് പലയിടങ്ങളിലും ഇന്നും മാറ്റം വന്നിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad