Header Ads

  • Breaking News

    കരസേനയിൽ എൻജിനീയർ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം


    കരസേനയുടെ 55–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 26–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.
    എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2020 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളുമാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്. (2 ഒഴിവ്)
    യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
    പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.
    പ്രായം (2020 ഒക്ടോബർ ഒന്നിന്): എസ്‌എസ്‌സി (ടെക്നിക്കൽ): 20–27. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസ്.
    ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം.
    തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ് ഉൾപ്പെടെ രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ.
    പരിശീലനം: ഷോർട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.
    അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

    No comments

    Post Top Ad

    Post Bottom Ad