Header Ads

  • Breaking News

    ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം; കുമ്മനം രാജശേഖരന് സാധ്യത



    തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് കുമ്മനം രാജശേഖരന് സാധ്യതയേറി. എം.ടി. രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനായി മുരളീധരപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനാലാണ് ഇത്. സമവായത്തിന് ശ്രമിക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ്. നിലപാടെടുത്തു. തീരുമാനം കേന്ദ്രത്തില്‍ നിന്ന് വരട്ടെയെന്നാണ് തീരുമാനം. 

     മിസോറം ഗവര്‍ണര്‍ പദവി രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കുമ്മനം രാജശേഖരന് ഇപ്പോള്‍ ഔദ്യോഗിക പദവികളൊന്നുമില്ല. കുമ്മനത്തെ  വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ബി.ജെ.പിയിലെയും ആര്‍.എസ്.എസിലെയും മുതിര്‍ന്ന നേതാക്കളുടെ വാദം. ബൂത്തുതല തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലംസമിതി രൂപീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്. മണ്ഡലം പ്രസിഡന്റുമാരെ 23 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെ യോഗം ചേരും. 

     സംസ്ഥാന അധ്യക്ഷപദത്തിലേക്ക് എം.ടി. രമേശിനെ കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനെ മുരളിപക്ഷവും മുന്നോട്ടുവയ്ക്കുന്നു. മണ്ഡലംസമിതികളില്‍ മേല്‍ക്കൈയുണ്ടെന്നാണ് ഇരുവിഭാഗങ്ങളുടെയും വാദം.സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ ആരാകണമെന്നതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല. 

     മുന്‍വര്‍ഷങ്ങളിലെപ്പോലെ സമവായമുണ്ടാക്കാന്‍ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ ഇതുവരെയുള്ള നിലപാട്. കാരണം അഭിപ്രായം പറഞ്ഞാലും അമിത്ഷാ അത് അംഗീകരിക്കണമെന്നില്ല. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായതും മടങ്ങിവന്നതുമൊക്കെ ഉദാഹരണം. പി.എസ്. ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായതും ഇപ്പോള്‍  മിസോറം ഗവര്‍ണറായതും ഇതേരീതിയില്‍ത്തന്നെ. 

    No comments

    Post Top Ad

    Post Bottom Ad